പടലപ്പിണക്കവും പ്രതിഫല തര്‍ക്കവും; ഉടക്കിനിന്ന ധവാന്‍ ഡല്‍ഹി വിട്ടു - മുംബൈ നിരാശയില്‍!

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (16:07 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിനോട് ബൈ പറഞ്ഞു. പരിശീലകന്‍ ടോം മൂഡിയുമായുള്ള പ്രശ്‌നങ്ങളും പ്രതിഫല തര്‍ക്കവുമാണ് താരത്തെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക് എത്തിച്ചത്.

ധവാന്‍ പോയ സാഹചര്യത്തില്‍ വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ്മ, ഷഹബാസ് നദീം എന്നീ താരങ്ങളാകും ഹൈദരാബാദ് നിരയിലെത്തുക. ക്ലബ് വിടുന്ന കാര്യത്തില്‍ ധവാന്‍ സന്തുഷ്‌ടനാണെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്‍ ലേലത്തില്‍ 5.2 കോടി രൂപയ്‌ക്കാണ് ധവാനെ ഹൈദരാബാദ് സ്വന്തമാക്കിയത്. റൈസേഴ്‌സിന് വിട്ട് നല്‍കുന്ന മൂന്ന് താരങ്ങളുടെ മൊത്തം വില 6.95 കോടി രൂപയാണ്. ധവാന്റെ വിലയ്ക്ക് ശേഷം ബാക്കി വരുന്ന 1.75 കോടി ഹൈദരാബാദ് പണമായി ഡല്‍ഹിക്ക് നല്‍കും.

നേരത്തെ ധവാന്‍ മുംബൈ ഇന്ത്യന്‍‌സിലേക്കോ കിംഗ്‌സ് ഇലവൻ പഞ്ചാബിലേകോ ചേക്കേറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സണ്‍റൈസേഴ്‌സില്‍ താ‍രത്തിന് അവഗണന നേരിടേണ്ടി വരുന്നുണ്ടെന്നാണ് ചില  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടീമിലെ മറ്റു താരങ്ങളായ ഡേവിഡ് വാർണര്‍ ഭുവനേശ്വർ കുമാര്‍ എന്നിവര്‍ക്ക് വന്‍ പ്രതിഫലം ലഭിക്കുമ്പോള്‍ 5.20 കോടി രൂപയ്‌ക്കാണ് ക്ലബ്ബ് ധവാനെ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണിൽ ടീമില്‍ നിലനിർത്തുന്നതിനു പകരം ലേലത്തിൽ വിടുകയും ആർടിഎം സംവിധാനം ഉപയോഗിച്ചു വീണ്ടും ടീമിലെത്തിക്കുകയും ചെയ്‌ത രീതിയും ധവാനെ പ്രകോപിപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article