വിമര്‍ശകര്‍ ടീമിന്റെ മനോവീര്യം തകര്‍ക്കരുതെന്ന് പാകിസ്ഥാന്‍ ട്വന്റി-20 നായകന്‍ ഷാഹിദ് അഫ്രീദി. ആരാധകര്‍ ടീമിനെ വളരയധികം സ്‌നേഹിക്കുന്നതു കൊണ്ടാണ് തോല്‍വിയില്‍ അവര്‍ ദേഷ്യപ്പെടുന്നതെന്നും മനസിലുള്ളത് വിളിച്ചു പറയുന്നതും. ക്രിക്കറ്റിന് വലിയ സ്വാധീന ശേഷിയാണുള്ളത്. ഇക്കാര്യങ്ങള്‍ പോസിറ്റീവായിട്ടാണ് മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിനായി ഒരുങ്ങുന്ന സമയത്ത് ആരാധകര്‍ തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവെച്ചിരുന്നു. ഫേസ്‌ബുക്ക് ട്വിറ്റര്‍ എന്നിവയില്‍ താനൊരിക്കലും സജീവമായി ഇടപെടാറില്ല. എന്നാലും എല്ലാവരുടെയും വികാരങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നുണ്ട്. നാട്ടില്‍ തിരിച്ചെത്തുബോള്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നുവരെ വ്യക്തമായി അറിയാം. എന്തുതന്നെ സംഭവിച്ചാലും ഇപ്പോള്‍ നന്നായി കളിക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും അഫ്രീദി പറഞ്ഞു.
തങ്ങളുമായി കളിക്കുന്ന ചില സമയങ്ങളില്‍ ഇന്ത്യ പിച്ച് വ്യത്യസ്തമായി നിര്‍മ്മിക്കാറുണ്ടെന്നാണ് ശനിയാഴ്ച്ചത്തെ അഫ്രീദി പറഞ്ഞിരുന്നത്. ഇത്തരം കാര്യങ്ങളില്‍ വൈകാരികമായി പ്രതികരിച്ച് ടീമിന്റെ മനോവീര്യം തകര്‍ക്കരുതെന്നും അഫ്രീദി ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യയേയും ഇവിടുത്തെ ആരാധകരെയും പുകഴ്‌ത്തിയതിന് പിന്നാലെ ഇന്ത്യയോട് തോല്‍വിയും ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ഷാഹിദ് അഫ്രീദിയെ ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്നു മാറ്റുമെന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ട്വന്റി-20 ലോകകപ്പിന് ശേഷം അദ്ദേഹം വിരമിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് പിസിബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.
വിരമിക്കാന്‍ തയാറായില്ലെങ്കി അഫ്രീദിയെ ടീമില്‍ നിലനിര്‍ത്തണോ വേണ്ടയോ എന്ന് പിസിബി തീരുമാനിക്കും. വിരമിക്കുമെന്നാണ് ലോകകപ്പിന് മുമ്പേ അദ്ദേഹം അറിയിച്ചിരിക്കുന്നത്. നായകനു പുറമേ പരിശീലകനായ വഖാര്‍ യൂനിസിന്റെ കാര്യത്തിലും മാറ്റമുണ്ടാകും. പുതിയ പാക് ക്യാപ്‌റ്റന്‍ ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഷഹര്യാര്‍ ഖാന്‍ സൂചന നല്‍കി.