ആരാധകരെ ശാന്തരാകുവിൻ, പാകിസ്ഥാനിലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ സീനിയേഴ്സ് കളിക്കും, സന്തോഷവാർത്തയുമായി ജയ് ഷാ

അഭിറാം മനോഹർ

തിങ്കള്‍, 1 ജൂലൈ 2024 (12:58 IST)
Kohli, Rohit sharma
ടി20 ലോകകപ്പ് വിജയത്തിന് ശേഷം കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ യുവതാരങ്ങള്‍ക്കായി വഴിമാറുന്നതായാണ് കോലി അറിയിച്ചത്. ലോകകപ്പ് നേടാനായെങ്കിലും സൂപ്പര്‍ താരങ്ങളുടെ വിരമിക്കല്‍ വലിയ ആഘാതമാണ് ഇന്ത്യന്‍ ആരാധകരില്‍ ഏല്‍പ്പിച്ചത്.
 
കോലി- രോഹിത് തുടങ്ങിയ താരങ്ങളെ ഇതോടെ ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാകും ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാനാവുക. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനായി സീനിയര്‍ താരങ്ങളെ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ സീനിയര്‍ താരങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി അമിത് ഷാ. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
മത്സരവേദി പാകിസ്ഥാനായതിനാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഐസിസിയുടെയും തീരുമാനമനുസരിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിസിസിഐ എടുക്കുക. 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏറ്റവും ഒടുവിലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഏകദിന ഫോര്‍മാറ്റിലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ എന്നതിനാല്‍ കോലിയും രോഹിത്തും ടൂര്‍ണമെന്റില്‍ ഉണ്ടാകുമെന്നാണ് ജയ് ഷാ വ്യക്തമാക്കിയത്. ഇരുവരും ടീമിലുള്ളത് യുവതാരങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുമെന്നും ബിസിസിഐ കരുതുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍