കോലിയുടെയും രോഹിത്തിൻ്റെയും വിടവ് , ഇന്ത്യൻ ടി20 ടീമിൽ സഞ്ജു സ്ഥിരസാന്നിധ്യമാകുമോ?

അഭിറാം മനോഹർ

ഞായര്‍, 30 ജൂണ്‍ 2024 (13:58 IST)
Sanju samson,Indian Tean
ടി20 ലോകകപ്പ് കിരീടമുയര്‍ത്തിയതിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും. ടൂര്‍ണമെന്റില്‍ ഉടനീളം മോശം പ്രകടനങ്ങളാണ് നടത്തിയിരുന്നതെങ്കിലും ഫൈനല്‍ മത്സരത്തില്‍ 76 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററാകുവാന്‍ കോലിയ്ക്ക് സാധിച്ചിരുന്നു. കോലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ കൂടി ടി20 ക്രിക്കറ്റ് അവസാനിപ്പിക്കുമ്പോള്‍ അത് വലിയ വിടവാകും ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിക്കുക.
 
കോലിയും രോഹിത്തും കളി ഉപേക്ഷിക്കുമ്പോള്‍ കുട്ടിക്രിക്കറ്റില്‍ ആരെല്ലാമാകും ഈ താരങ്ങള്‍ക്ക് പകരക്കാരാവുക എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത് പോകുന്നതോടെ ഓപ്പണിംഗില്‍ യശ്വസി ജയ്‌സ്വാള്‍- ശുഭ്മാന്‍ സഖ്യം ടീമില്‍ സ്ഥാനം ഉറപ്പിച്ചേക്കും. ഓപ്പണിംഗ് റോളിലേക്ക് റുതുരാജ് ഗെയ്ക്ക്വാദ്,അഭിഷേക് ശര്‍മ എന്നീ താരങ്ങളും മത്സരിക്കുന്നുണ്ട്. കോലിയുടെ മൂന്നാം നമ്പര്‍ പൊസിഷനില്‍ ഈ ലോകകപ്പില്‍ റിഷഭ് പന്താണ് കളിച്ചിരുന്നതെങ്കിലും അത്ര മികച്ച പ്രകടനമല്ല ടൂര്‍ണമെന്റ് മൊത്തത്തിലായി റിഷഭ് പന്ത് നടത്തിയത്.
 
കോലി ബാക്കിവെയ്ക്കുന്ന പൊസിഷനില്‍ കളിക്കാന്‍ അനുയോജ്യനായ താരം മലയാളി താരം സഞ്ജു സാംസണാണെന്ന് കരുതുന്ന ഒട്ടേറെ ആരാധകരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഐപിഎല്ലില്‍ മൂന്നാം നമ്പര്‍ സ്ഥാനത്ത് സഞ്ജു നടത്തിയ പ്രകടനങ്ങളാണ് ഇതിന് കാരണമായി ആരാധകര്‍ എടുത്തുകാണിക്കുന്നത്. മധ്യനിരയിലാകും റിഷഭ് പന്തിന് കൂടുതല്‍ തിളങ്ങാനാവുക എന്നും അതിനാല്‍ മൂന്നാം നമ്പറില്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും ആരാധകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍