Sanju Samson: ആ സെഞ്ചുറി നേടിയത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഒരു പരമ്പര മുഴുവന്‍ കളിപ്പിച്ചേനെ ! സഞ്ജുവിനോട് മുഖം തിരിച്ചു നില്‍ക്കുന്ന സെലക്ടര്‍മാര്‍

രേണുക വേണു

വെള്ളി, 12 ജനുവരി 2024 (11:15 IST)
Sanju Samson: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ രൂക്ഷ വിമര്‍ശനം. സമീപകാലത്ത് മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും സഞ്ജുവിനെ മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കായി സഞ്ജു സെഞ്ചുറി നേടിയിരുന്നു. ബാറ്റിങ് ദുഷ്‌കരമായ ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടുകയെന്ന അപൂര്‍വ നേട്ടം കൈവരിച്ചിട്ടും അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 മത്സരത്തില്‍ താരത്തെ മാറ്റിനിര്‍ത്തിയത് ശരിയായില്ലെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. 
 
ട്വന്റി 20 യില്‍ ടോപ് ഓര്‍ഡര്‍ ബാറ്ററാണ് സഞ്ജു. വിരാട് കോലി പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത സ്ഥിതിക്ക് ആ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യന്‍ സഞ്ജുവാണ്. എന്നിട്ടും സമീപകാലത്ത് ശരാശരി പ്രകടനങ്ങള്‍ മാത്രം കാഴ്ചവെച്ച തിലക് വര്‍മയ്ക്ക് ടീമില്‍ സ്ഥാനം നല്‍കി. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മാണ് പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നത്. 
 
സഞ്ജുവിന് പകരം മറ്റേതെങ്കിലും യുവതാരമാണ് ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടിയിരുന്നതെങ്കില്‍ തൊട്ടടുത്ത ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളിലും ആ താരത്തിനു പ്ലേയിങ് ഇലവനില്‍ സ്ഥാനം കൊടുത്തേനെ. ഇതിപ്പോള്‍ സഞ്ജു ആയതുകൊണ്ട് മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തുകയാണെന്നും ആരാധകര്‍ പറയുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍