Rohit Sharma Run Out: ഗില്ലിനെ തുറിച്ചുനോക്കിയിട്ടും ചീത്ത പറഞ്ഞിട്ടും കാര്യമില്ല, ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്; റണ്‍ഔട്ടില്‍ രോഹിത്തിനെ കൈയൊഴിഞ്ഞ് ആരാധകര്‍ (വീഡിയോ)

രേണുക വേണു

വെള്ളി, 12 ജനുവരി 2024 (09:28 IST)
Rohit Sharma Run Out

Rohit Sharma Run Out: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 40 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ഇന്ത്യയുടെ വിജയശില്‍പ്പിയും കളിയിലെ താരവും. 

Rohit gone for duck #RohitSharma #Gill #IndvsAfg #INDvAFG pic.twitter.com/xpSGnreCm5

— Shubham Chand (@shubhamchand768) January 11, 2024
റണ്‍സൊന്നും എടുക്കാതെ രോഹിത് ശര്‍മ പുറത്തായത് ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടിയായി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട രോഹിത് റണ്‍ഔട്ട് ആകുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ ചീത്ത വിളിച്ചാണ് രോഹിത് റണ്‍ഔട്ട് ആയി കൂടാരം കയറിയത്. ബാറ്റ് ചെയ്യുകയായിരുന്ന താന്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഓടി എത്തിയിട്ടും ഗില്‍ ക്രീസില്‍ നിന്ന് പോലും ഇറങ്ങിയില്ല എന്നതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. എന്നാല്‍ രോഹിത്താണ് ശ്രദ്ധിക്കേണ്ടിയിരുന്നതെന്നും ഗില്ലിനെ വഴക്ക് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. 
 
ഫസല്‍ ഹഖ് ഫറൂഖി എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. മിഡ് ഓഫിലേക്ക് ഷോട്ട് കളിച്ച ഉടനെ രോഹിത് സിംഗിളിനായി ഓടുകയായിരുന്നു. എന്നാല്‍ അവിടെ ഇബ്രാഹിം സദ്രാന്‍ ഫീല്‍ഡ് ചെയ്യുന്നത് കണ്ട ശുഭ്മാന്‍ ഗില്‍ ക്രീസില്‍ നിന്ന് ഇറങ്ങിയില്ല. ബോള്‍ സദ്രാന്റെ കൈയില്‍ നിന്ന് പോകുകയാണെങ്കില്‍ മാത്രം ഓടാം എന്ന തീരുമാനത്തിലായിരുന്നു ഗില്‍. അത്യുഗ്രന്‍ ഫീല്‍ഡിങ്ങിലൂടെ സദ്രാന്‍ ആ ബോള്‍ തടഞ്ഞിട്ടു. ഈ സമയം കൊണ്ട് രോഹിത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടിയെത്തി. ഗില്‍ ആണെങ്കില്‍ ക്രീസില്‍ നിന്ന് ഇറങ്ങിയിട്ടു പോലുമില്ല. വിക്കറ്റ് കീപ്പര്‍ ഗുര്‍ബാസിനു ത്രോ ചെയ്ത് സദ്രാന്‍ രോഹിത്തിന്റെ വിക്കറ്റ് ഉറപ്പിച്ചു. 
 
'ഞാന്‍ ഇവിടെ ഓടിയെത്തിയല്ലോ, നീ എന്തുകൊണ്ട് ഓടിയില്ല' എന്നാണ് റണ്‍ഔട്ടിനു പിന്നാലെ രോഹിത് ദേഷ്യത്തോടെ ഗില്ലിനോട് ചോദിച്ചത്. ബോള്‍ ഫീല്‍ഡറുടെ കൈയില്‍ ആണല്ലോ എന്നായിരുന്നു ഗില്ലിന്റെ മറുപടി. ഗില്‍ ഓടാത്തതിലുള്ള അതൃപ്തിയും നീരസവും രോഹിത് പരസ്യമായി പ്രകടിപ്പിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍