Sanju Samson: 'ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്'; മിസ്റ്റര്‍ സഞ്ജു നിങ്ങളെ ഞങ്ങള്‍ക്ക് മനസിലാകുന്നില്ല !

രേണുക വേണു
ശനി, 16 നവം‌ബര്‍ 2024 (08:47 IST)
Sanju Samson

Sanju Samson: ക്രീസില്‍ നിലയുറപ്പിച്ചാല്‍ അത്യന്തം അപകടകാരിയാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. കേവലം മലയാളി ആരാധകര്‍ മാത്രമല്ല ഇപ്പോള്‍ സഞ്ജുവിനുള്ളത്. വിരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവര്‍ക്കു ശേഷം ഏറ്റവും അപകടകാരിയായ ഓപ്പണറെ ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം വാഴ്ത്തുന്നു. ജോബര്‍ഗില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി 20 യില്‍ സെഞ്ചുറിയടിച്ചതോടെ സഞ്ജു ഇന്ത്യയുടെ ടി20 പദ്ധതികളില്‍ ഏറ്റവും നിര്‍ണായക സാന്നിധ്യമായിരിക്കുമെന്ന് ഉറപ്പായി. 
 
51 പന്തുകളില്‍ നിന്നാണ് ഇത്തവണ സഞ്ജു സെഞ്ചുറി നേടിയത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 യിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു. തുടര്‍ച്ചയായി രണ്ട് ഡക്കുകള്‍ക്ക് ശേഷമാണ് സഞ്ജുവിന്റെ സെഞ്ചുറിയെന്നതും ശ്രദ്ധേയമാണ്. 'ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്' എന്ന മനോഭാവമാണ് സഞ്ജുവിനെന്നാണ് ആരാധകര്‍ ട്രോളുന്നത്. വിക്കറ്റ് എടുക്കുന്നുണ്ടെങ്കില്‍ ആദ്യ ഓവറില്‍ തന്നെ എടുക്കണം. അല്ലെങ്കില്‍ പിന്നെ ബൗളര്‍മാരുടെ കാര്യം കട്ടപ്പൊകയാണെന്ന് സഞ്ജുവിന്റെ ആരാധകര്‍ പറയുന്നു. 
 
സഞ്ജുവിന്റെ അവസാന അഞ്ച് ഇന്നിങ്‌സുകളിലെ കണക്കുകള്‍ വളരെ രസകരമാണ്. 111, 107, 0, 0, 109 എന്നിങ്ങനെയാണ് സഞ്ജുവിന്റെ അവസാന അഞ്ച് ഇന്നിങ്‌സുകള്‍. മൂന്ന് മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു മറ്റു രണ്ട് കളികളില്‍ പൂജ്യത്തിനു പുറത്തായി. ട്വന്റി 20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന താരമെന്ന അപൂര്‍വ റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കിയിരിക്കുകയാണ്. ഇതേ സഞ്ജു തന്നെയാണ് ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കിനു പുറത്തായ താരങ്ങളില്‍ ആറ് ഡക്കുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 'ഒന്നുകില്‍ ബൗളര്‍മാരെ പഞ്ഞിക്കിടുന്ന വെടിക്കെട്ട്, അല്ലെങ്കില്‍ ആദ്യ ഓവറില്‍ തന്നെ ഔട്ട്' എന്ന രസകരമായ രീതിയാണ് സഞ്ജു പിന്തുടരുന്നതെന്ന് ആരാധകര്‍ തമാശയായി പറയുന്നു. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി 20 യില്‍ 56 പന്തുകളില്‍ നിന്ന് ഒന്‍പത് സിക്‌സും ആറ് ഫോറും സഹിതം 109 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു. 200 നു അടുത്താണ് സ്‌ട്രൈക് റേറ്റ്. ഇന്ത്യയുടെ ഇനിവരുന്ന ട്വന്റി 20 പരമ്പരകളിലെല്ലാം സഞ്ജു സ്ഥിരം സാന്നിധ്യമായിരിക്കുമെന്ന് ഈ പരമ്പരയോടെ ഉറപ്പായി.  

അനുബന്ധ വാര്‍ത്തകള്‍

Next Article