അഹമ്മദാബാദില്‍ വെച്ച് ബംഗ്ലാദേശിനെതിരായ ട്വന്റി 20 മത്സരത്തിലാണ് സഞ്ജു കരിയറിലെ ആദ്യ ടി20 സെഞ്ചുറി നേടിയത്. അതിനുശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 യിലും സഞ്ജു സെഞ്ചുറിയടിച്ചു. ട്വന്റി 20 യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സഞ്ജു സ്വന്തമാക്കിയിരുന്നു.
മികച്ച ഫോമില്‍ തുടരുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ സഞ്ജു പൂജ്യത്തിനു പുറത്താകുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇടംകൈയന്‍ പേസര്‍ മാര്‍ക്കോ യാന്‍സണ്‍ ആണ് സഞ്ജുവിനെ പുറത്താക്കിയത്. മൂന്നാം ട്വന്റി 20 യിലേക്ക് എത്തിയപ്പോള്‍ ഇതേ യാന്‍സണ്‍ തന്നെ സഞ്ജുവിനെ വീണ്ടും പൂജ്യത്തിനു മടക്കി. നേരിട്ട രണ്ടാം പന്തിലാണ് സഞ്ജു പുറത്തായത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഡക്കിനു പുറത്താകുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ്. സഞ്ജു സാംസണ്‍. ഈ വര്‍ഷം മാത്രം അഞ്ച് തവണയാണ് സഞ്ജു പൂജ്യത്തിനു പുറത്തായത്. 2022 ല്‍ സിംബാബ്വെയുടെ റെഗിസ് ചകബ്വ ഇതുപോലെ കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് തവണ പൂജ്യത്തിനു പുറത്തായിട്ടുണ്ട്. ട്വന്റി 20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഡക്കുള്ള ഇന്ത്യന്‍ താരവും സഞ്ജുവാണ്. 2009 കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ഡക്കുള്ള യൂസഫ് പത്താന്‍, 2018, 2022 വര്‍ഷങ്ങളില്‍ മൂന്ന് വീതം ഡക്കുള്ള രോഹിത് ശര്‍മ, 2024 ല്‍ മൂന്ന് ഡക്കുള്ള വിരാട് കോലി എന്നിവരാണ് സഞ്ജുവിന് പിന്നില്‍.
ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ ഡക്കുള്ള ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ്. 151 ഇന്നിങ്‌സുകള്‍ കളിച്ച രോഹിത് 12 തവണ ഡക്കിനു പുറത്തായിട്ടുണ്ട്. 117 ഇന്നിങ്‌സില്‍ ഏഴ് ഡക്കുള്ള വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. വെറും 32 ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ തന്നെ ആറ് ഡക്കുമായി സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്തുണ്ട്. അതായത് ഇനിയുള്ള ട്വന്റി 20 കരിയറില്‍ ആറ് ഡക്ക് കൂടിയായാല്‍ ഏറ്റവും കൂടുതല്‍ ഡക്കുള്ള ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് സഞ്ജുവിന്റെ പേരിലാകും.