ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് തന്റെ 27-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1994 നവംബര്‍ 11 നാണ് സഞ്ജുവിന്റെ ജനനം. എസ്.ശ്രീശാന്തിന് ശേഷം കേരളത്തില്‍ നിന്ന് വലിയ രീതിയില്‍ അറിയപ്പെട്ട ക്രിക്കറ്റ് താരം കൂടിയാണ് സഞ്ജു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു ടി 20 യിലും ഏകദിനത്തിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് അദ്ദേഹം.
യഥാര്‍ഥത്തില്‍ ക്രിക്കറ്റ് ആയിരുന്നില്ല സഞ്ജുവിന്റെ ആദ്യകാല സ്വപ്നം. സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥ് ഡല്‍ഹിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. അച്ഛന്‍ പൊലീസ് ആയതുകൊണ്ട് തന്നെ തനിക്കും ഒരു പൊലീസ് ഓഫീസറാകണമെന്നായിരുന്നു സഞ്ജു ആദ്യ കാലങ്ങളില്‍ സ്വപ്‌നം കണ്ടിരുന്നത്. ഒരു ഐപിഎസ് ഓഫീസര്‍ ആകുവാനാണ് സഞ്ജു അതിയായി ആഗ്രഹിച്ചിരുന്നതെന്ന് പില്‍ക്കാലത്ത് സഞ്ജുവിന്റെ പരിശീലകന്‍ ബിജു ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ഐപിഎസ് ഓഫീസര്‍ ആയ ശേഷം ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു സഞ്ജുവിന്റെ ലക്ഷ്യമെന്ന് ബിജു ജോര്‍ജ് പറഞ്ഞു. എന്നാല്‍, പില്‍ക്കാലത്ത് സഞ്ജുവിന് ക്രിക്കറ്റ് മാത്രമായി എല്ലാം.
ഡല്‍ഹിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്ന സാംസണ്‍ വിശ്വനാഥ് മകന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശം കണ്ട് ജോലി തന്നെ രാജിവച്ചു. മകന്റെ കരിയറിന് വേണ്ടിയാണ് അദ്ദേഹം ജോലി രാജിവച്ചത്.