സഞ്ജു, നീ ഒന്നുകൊണ്ടും പേടിക്കണ്ട, നിന്റൊപ്പം ഞാനുണ്ടാകും, നീ എന്താണെന്ന് എനിക്കറിയാം: എല്ലാത്തിനും പിന്നില്‍ ഗംഭീറിന്റെ പിന്തുണ

അഭിറാം മനോഹർ
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (13:21 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കും തന്നെ പരിഗണിക്കാനുള്ള ആലോചനയുണ്ടെന്ന് ടീം മാനേജ്‌മെന്റില്‍ നിന്നും അറിയിപ്പ് ലഭിച്ചതായി മലയാളി താരം സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കഴിഞ്ഞ് നാട്ടിലെത്തിയ സഞ്ജു മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. റെഡ് ബോള്‍ ടീമിലേക്ക് കൂടി പരിഗണിക്കുന്നുണ്ടെന്നും അതിനാല്‍ രഞ്ജി കളിച്ച് തയ്യാറെടുപ്പ് നടത്തണമെന്നുള്ള അറിയിപ്പ് തനിക്ക് ടീം മാനേജ്‌മെന്റില്‍ നിന്നും ലഭിച്ചതായാണ് സഞ്ജു വ്യക്തമാക്കിയത്.
 
അതേസമയം ബംഗ്ലാദേശ് പരമ്പരയ്ക്ക് മുന്‍പ് തന്നെ തന്റെ റോള്‍ എന്താണെന്ന വ്യക്തത ലഭിച്ചതിനാല്‍ പരമ്പരയ്ക്കായി മികച്ച രീതിയില്‍ തയ്യാറെടുക്കാന്‍ സാധിച്ചതായി സഞ്ജു പറഞ്ഞു. പരമ്പര തുടങ്ങും മുന്‍പ് തന്നെ 3 മത്സരങ്ങളിലും കളിപ്പിക്കുമെന്നും ഓപ്പണിംഗ് റോളിലേക്കാകും പരിഗണിക്കുകയെന്നും സന്ദേശം ലഭിച്ചിരുന്നു.
 
പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും നല്‍കിയ പിന്തുണ വലുതായിരുന്നു. മികച്ച പ്രകടനം നടത്താന്‍ ഇത് സഹായിച്ചു. ഗൗതം ഭായ് തന്ന പിന്തുണ വലുതാണ്. വന്ന സമയം മുതലെ എന്നോട് പറയുന്നുണ്ട്. സഞ്ജു നീ പേടിക്കണ്ട, നിനക്ക് വേണ്ട പിന്തുണ ഞാന്‍ തരും. നീ എത്ര നന്നായി കളിക്കുന്ന പ്ലെയറാണ് എന്ന് എനിക്കറിയാം. സമ്മര്‍ദ്ദമില്ലാതെ കളിച്ച് ബാറ്റിംഗും മത്സരവും ആസ്വദിക്കാന്‍ നോക്കു. ഞങ്ങളെല്ലാം തന്നെ നിന്റെയൊപ്പമുണ്ട്.അങ്ങനെ ഒരു പിന്തുണ ഒരു കോച്ചിന്റെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണ് സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article