ഹൈദരാബാദ്: ഓപ്പണറായി ലഭിച്ച അവസരം എങ്ങനെ മുതലാക്കാം എന്ന് സഹതാരങ്ങൾക്കും തന്നെ നിരന്തരം വിമർശിച്ചവർക്കും കാണിച്ച് കൊടുത്ത സഞ്ജു സാംസണെയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കണ്ടത്. റിഷാദ് ഹുസൈന്റെ ഒരു ഓവറിൽ അഞ്ച് സിക്‌സറടക്കം മൊത്തം എട്ടു പന്തുകളാണ് സഞ്ജു മത്സരത്തിൽ ഗാലറിയിലെത്തിച്ചത്. ഒരോവറിൽ ആദ്യം റൺസ് വഴങ്ങാതെ നിന്ന സഞ്ജു, പിന്നീട് വന്ന അഞ്ച് ബോളുകളും ഗാലറിയിലേക്ക് അടിച്ച് പറത്തുകയായിരുന്നു. ഇതിൽ മുസ്തഫിസുർ റഹ്‌മാനെതിരേ നേടിയ സിക്സ് രവി ശാസ്ത്രിയെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.
ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 ഐയിൽ സഞ്ജു സാംസൺ തൻ്റെ മിടുക്ക് പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഏറ്റവും സ്‌ഫോടനാത്മക ഹിറ്ററുകളിൽ ഒന്ന് എന്ന നിലയിലേക്ക് സഞ്ജുവിന്റെ കന്നി സെഞ്ച്വറി തിളങ്ങി നിൽക്കും. ഇന്ത്യൻ ടീമിനായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത സാംസൺ, ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി.
എട്ടാം ഓവറിലെ ഒരു പ്രത്യേക ഷോട്ട് കാണികളെയും കമൻ്റേറ്റർമാരെയും വിസ്മയിപ്പിച്ചു. മുസ്തഫിസുർ എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം. ഓഫ് സ്റ്റമ്പിനു പുറത്ത് ബാക്ക് ഓഫ് ലെങ്തായി എത്തിയ പന്ത് ഒരു ചുവട് പിന്നോട്ടുവെച്ച് കവർ ഏരിയക്ക് മുകളിലൂടെയാണ് സഞ്ജു ഗാലറിയിലെത്തിച്ചത്. അതും സങ്കോചമില്ലാതെ, സമ്മർദ്ദമില്ലാതെ. ഈ സിക്‌സ് കണ്ട് കമന്ററി ബോക്‌സിലുണ്ടായിരുന്ന രവി ശാസ്ത്രി പോലും അമ്പരന്നുപോയി. ശാസ്ത്രി ഈ സിക്‌സിനെ വിശേഷിപ്പിച്ചപ്പോഴും വാക്കുകളിൽ ആ അമ്പരപ്പുണ്ടായിരുന്നു.