അഫ്ഗാനെതിരെ സഞ്ജു കളിക്കണം, ലോകകപ്പിലും ടീമിൻ്റെ എക്സ് ഫാക്ടറാകുവാൻ അവന് സാധിക്കും: സുരേഷ് റെയ്ന

അഭിറാം മനോഹർ

വെള്ളി, 12 ജനുവരി 2024 (20:17 IST)
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ടീമിന്റെ എക്‌സ് ഫാക്ടറാകാന്‍ സഞ്ജു സാംസണിന് സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെ ടി20 ടീമിലും സഞ്ജു ഇടം നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. സഞ്ജു നേതൃത്വശേഷിയുള്ള താരമാണെന്നും മികച്ച ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളതിനാല്‍ മധ്യനിരയില്‍ സഞ്ജു കളിക്കണമെന്നും സുരേഷ് റെയ്‌ന വ്യക്തമാക്കി.
 
അഫ്ഗാനെതിരായ ടി20 പരമ്പര സഞ്ജുവിന് മുന്നിലുള്ള വലിയ അവസരമാണ്. വരാനിരിക്കുന്ന ഐപിഎല്ലിലും താരം മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോകകപ്പിലും ടീമിന്റെ എക്‌സ് ഫാക്ടറായി മാറാന്‍ സഞ്ജുവിന് സാധിക്കും. റെയ്‌ന പറഞ്ഞു.ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ 114 പന്തില്‍ നിന്നും 108 റണ്‍സുമായി സഞ്ജു തിളങ്ങിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി പ്രകടനം കൂടിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് അഫ്ഗാനെതിരായ ടി20 ടീമിലേക്ക് താരത്തിന് വിളിയെത്തിയത്. പരമ്പരയ്ക്കുള്ള ടീമില്‍ വിളിയെത്തിയെങ്കിലും പരമ്പരയിലെ ആദ്യമത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടാന്‍ താരത്തിനായിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍