ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ നഥാന്‍ മക്‌സ്വീനിക്ക് പകരം 19കാരന്‍ ചെക്കന്‍ ടീമിലെത്തുന്നു എന്ന് കേട്ടതില്‍ വലിയ അത്ഭുതമൊന്നും ആരാധകര്‍ക്ക് തോന്നിയിരുന്നില്ല. ടെസ്റ്റ് പോലെ ബുദ്ധിമുട്ടേറിയ ഫോര്‍മാറ്റില്‍ ഇത്തരത്തില്‍ പലരും വന്നിട്ടുണ്ട് എന്നത് തന്നെ ഒരു കാരണം. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടികൊണ്ട് കോണ്‍സ്റ്റാസ് തിളങ്ങിയപ്പോള്‍ താരം നേടിയ റണ്‍സുകളേക്കാള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത് സാം കോണ്‍സ്റ്റാസ് എന്ന താരത്തിന്റെ ആത്മവിശ്വാസമാണ്.
ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഓസീസിനായി ഓപ്പണിംഗ് ബാറ്ററായി ഇറങ്ങിയ കോണ്‍സ്റ്റാസ് ആദ്യ പന്ത് മുതല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ പോലും സ്‌കൂപ്പുകളും റിവേഴ്‌സ് സ്വീപ്പുകളും പരീക്ഷിക്കാന്‍ യാതൊരു മടിയും കോണ്‍സ്റ്റാസിനുണ്ടായില്ല എന്ന് മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ ബുമ്രയ്‌ക്കെതിരെ കഴിഞ്ഞ 4,484 ഡെലിവറികള്‍ക്കിടയില്‍ സിക്‌സ് നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും കോണ്‍സ്റ്റാസ് സ്വന്തമാക്കി.