ധോണിയെക്കുറിച്ച് മാത്രമല്ല എന്റെ ഭാര്യയെക്കുറിച്ചും ഒന്നും പറഞ്ഞില്ല: സേവാഗ്

Webdunia
ശനി, 5 ഡിസം‌ബര്‍ 2015 (14:03 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റിന് മുന്നോടിയായി നടന്ന ബിസിസിഐയുടെ സ്വീകരണ ചടങ്ങിൽ സംസാരിക്കവെ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെക്കുറിച്ച് പരാമർശിക്കാതിരുന്നതിന് വിശദീകരണവുമായി വീരേന്ദർ സേവാഗ് രംഗത്ത്.

ചടങ്ങില്‍ മഹിയെക്കുറിച്ച് സംസാരിക്കാതിരുന്നത് മനഃപൂർവമല്ല. അദ്ദേഹത്തിന്റെ പേര് പറയാന്‍ മറന്നു പോയതാണ്. ധോണിയെക്കുറിച്ച് മാത്രമല്ല കരിയറില്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ എന്റെ ഭാര്യയെക്കുറിച്ചും ഞാൻ ഒന്നും പറഞ്ഞില്ല. സ്റ്റേഡിയത്തിൽ എന്റെ തൊട്ടടുത്ത് ഉണ്ടായിട്ടും പ്രസംഗത്തില്‍ അവളെക്കുറിച്ച് പരാമര്‍ശിച്ച് സംസാരിക്കാന്‍ മറന്നുപോയി. ഇതൊന്നും മനഃപൂർവമല്ലെന്നും സേവാഗ് പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ മനസ് തുറന്നത്.

ബിസിസിഐയുടെ സ്വീകരണ ചടങ്ങില്‍ ധോണിയുടെ പേര് പറഞ്ഞില്ലെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. ക്രിക്കറ്റിൽ നിന്നും വിരമിച്ച തനിക്ക് ഇത്തരം വിവാദങ്ങള്‍ പുത്തരിയല്ല. നിസാര കാര്യങ്ങൾ തന്ന‌െ ഒരുതരത്തിലും അസ്വസ്ഥനാക്കില്ലെന്നും സേവാഗ് പറഞ്ഞു.

സ്വീകരണ ചടങ്ങില്‍ മുൻ‍ നായകൻമാരായ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, സച്ചിൻ തെൻഡുൽക്കർ എന്നിവരെ വീരു പേരെടുത്തു പറഞ്ഞു നന്ദി പറഞ്ഞപ്പോള്‍ ധോണിയെക്കുറിച്ച് സേവാഗ് ഒരു പരാമര്‍ശവും നടത്തിയില്ല.