ക്രൂരനായ ബാറ്റ്സ്‍മാനും ഏറ്റവും മികച്ച താരവുമാണ് സച്ചിന്‍: അക്തര്‍

Webdunia
ശനി, 7 നവം‌ബര്‍ 2015 (19:28 IST)
ക്രിക്കറ്റിലെ ഏറ്റവും ക്രൂരനായ ബാറ്റ്സ്‍മാനാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറെന്ന് മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്‌ബ് അക്‍തര്‍. ജീവിതത്തില്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച താരമാണ് അദ്ദേഹം. സച്ചിനൊപ്പം കളിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്‍റെയും ഷെയിന്‍ വോണിന്‍റെയും നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ സീരീസിന്
പങ്കെടുക്കാന്‍ എത്തിയതായിരുന്നു റാവല്‍പിണ്ടി എക്സ്പ്രസ്.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഞങ്ങള്‍ എതിരാളികളായിരുന്നു. തോല്‍പ്പിക്കാന്‍ മാത്രമായിരുന്നു നേര്‍ക്കുനേര്‍ എത്തിയിരുന്നത്.  എന്നാല്‍ ഇന്ന് താന്‍ സച്ചിന്റെ ടീമില്‍ കളിക്കാന്‍ പോകുകയാണ്. ഇതുവരെ സച്ചിനെതിരെ പന്തെറിയുന്നതിനപ്പുറം ഞാന്‍ ചിന്തിച്ചിട്ടില്ല. ഇന്ന് സച്ചിന്റെ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഈ അവസരത്തിന് ദൈവത്തോട് നന്ദി പറയുകയാണെന്നും അക്‍തര്‍ പറഞ്ഞു.

സച്ചിന്‍റെയും ഷെയിന്‍ വോണിന്‍റെയും നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ സീരീസിന് ശനിയാഴ്ച തുടക്കമാകുകയാണ്. ലോകക്രിക്കറ്റിലെ 28 വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന സീരീസാണിത്. ആദ്യ മത്സരവേദി ന്യൂയോര്‍ക്കാണ്.

സച്ചിന്‍ ബ്ലാസ്റ്റേഴ്സ് പ്രമുഖര്‍ - ബ്രയാന്‍ ലാ‍റ, സൌരവ് ഗാംഗുലി, വീരേന്ദര്‍ സേവാഗ്, ഷൊഹൈബ് അക്തര്‍, വി വി എസ് ലക്ഷ്മണ്‍, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മക്‍ഗ്രാത്ത്, മഹേല ജയവര്‍ധനെ, മൊയിന്‍ ഖാന്‍.

വോണ്‍ വാരിയേഴ്സിലെ പ്രമുഖര്‍ - വസിം അക്രം, സഖ്‌ലൈന്‍ മുഷ്താഖ്, കുമാര്‍ സംഗക്കാര, അജിത് അഗാര്‍ക്കര്‍, മാത്യു ഹെയ്ഡന്‍, ജോണ്ടി റോഡ്സ്, റിക്കി പോണ്ടിംഗ്, ആന്‍ഡ്രു സിമണ്‍‌ട്സ്.

രണ്ടാമത്തെ മത്സരം 11ന് ഹ്യൂസ്റ്റണിലും അവസാനത്തെ മത്സരം 14ന് ലോസാഞ്ചലസിലും നടക്കും.