IPL 2025 Resume: ഐപിഎല്‍ ഉടന്‍ പുനരാരംഭിക്കും; ഫൈനല്‍ മേയ് 30 ന് ?

രേണുക വേണു

തിങ്കള്‍, 12 മെയ് 2025 (09:09 IST)
IPL 2025 Resume: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഐപിഎല്‍ 2025 ഉടന്‍ പുനരാരംഭിക്കും. മേയ് 16 വെള്ളിയാഴ്ച ആരംഭിച്ച് മേയ് 30 നു ഫൈനല്‍ വരുന്ന വിധം ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 
 
12 - 14 ദിവസങ്ങള്‍ കൊണ്ട് മത്സരങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്. മുന്‍ നിശ്ചയിച്ചതില്‍ നിന്ന് മത്സരക്രമത്തിലും സ്റ്റേഡിയങ്ങളിലും വ്യത്യാസമുണ്ടാകും. മിക്ക ദിവസങ്ങളിലും രണ്ട് മത്സരങ്ങള്‍ നടക്കുന്ന രീതിയിലായിരിക്കും മത്സരക്രമം. ചെന്നൈ, ബെംഗളൂരു, ഹൈദരബാദ് സ്‌റ്റേഡിയങ്ങളിലേക്ക് എല്ലാ മത്സരങ്ങളും ചുരുക്കും. ദക്ഷിണേന്ത്യക്കു പുറത്തുള്ള ഗ്രൗണ്ടുകളില്‍ മത്സരങ്ങള്‍ ഉണ്ടാകില്ല. 
 
മുന്‍നിശ്ചയിച്ച പ്രകാരം മേയ് 25 നാണ് ഐപിഎല്‍ ഫൈനല്‍ നടക്കേണ്ടിയിരുന്നത്. അഞ്ച് ദിവസം കൂടി നീട്ടി മേയ് 30 നു ഫൈനല്‍ വരുന്ന രീതിയിലായിരിക്കും ഇനിയുള്ള ക്രമീകരണം. എല്ലാ താരങ്ങളും ഉടന്‍ ടീമിനൊപ്പം ചേരണമെന്ന് ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഐപിഎല്‍ ഒരാഴ്ചത്തേക്ക് നീട്ടിവെച്ച സാഹചര്യത്തില്‍ ചില ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്. ഇവരില്‍ മിക്കവരും ഇനി ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്നാണ് റിപ്പോര്‍ട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍