Royal Challengers Bangalore: സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റിന് വിജയിച്ചതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ്. 13 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റുമായി നാലാം സ്ഥാനത്താണ് ആര്‍സിബി ഇപ്പോള്‍. മൂന്നോ നാലോ സ്ഥാനത്തായി ഫിനിഷ് ചെയ്യാനാണ് ആര്‍സിബിക്ക് കൂടുതല്‍ സാധ്യതയുള്ളതെങ്കിലും ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറിയാല്‍ അവര്‍ രണ്ടാം സ്ഥാനക്കാരായി ക്വാളിഫയര്‍ ഒന്ന് കളിക്കും.
പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ ആര്‍സിബിക്ക് അവസരമുണ്ട്. മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ കൂടി ആശ്രയിച്ചാണ് അതെന്ന് മാത്രം. 13 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 15 പോയിന്റ് ഉള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ഇപ്പോള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇരുവരും തമ്മില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നടക്കേണ്ടിയിരുന്ന ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ഓരോ പോയിന്റ് വീതം ഇരുവര്‍ക്കും ലഭിക്കുകയും ചെയ്തിരുന്നു. അതാണ് ഇരുവര്‍ക്കും 15 പോയിന്റ് ആകാന്‍ കാരണം.
ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തോല്‍ക്കുകയും ആര്‍സിബി അവസാന മത്സരത്തില്‍ ജയിക്കുകയും ചെയ്താല്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ എത്താന്‍ ആര്‍സിബിക്ക് സാധിക്കും. അവസാന മത്സരത്തില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് 16 പോയിന്റ് ആകും. ഡല്‍ഹിക്കെതിരായ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്തയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തോറ്റാല്‍ ഇരുവരുടെയും പോയിന്റ് 15 ല്‍ തന്നെ നില്‍ക്കും. ഗുജറാത്തിനെതിരായ അവസാന മത്സരത്തില്‍ ആര്‍സിബി ജയിക്കണം. ഇങ്ങനെ സംഭവിച്ചാല്‍ ആര്‍സിബി രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ എത്തും. അഞ്ചാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ് ശേഷിക്കുന്ന ഒരു മത്സരത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് 16 പോയിന്റ് ആകുമെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിയേക്കാള്‍ വളരെ താഴെയായത് അവര്‍ക്ക് രണ്ടാം സ്ഥാനത്തെത്താന്‍ തിരിച്ചടിയാകും.