Romario Shepherd: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം റൊമാരിയോ ഷെപ്പേര്‍ഡ് വാഹനാപകടത്തില്‍ മരിച്ചതായി വ്യാജ വാര്‍ത്ത. നെല്ലിസ്‌പോര്‍ട്‌സ് (Nelly Sports) എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്. ഷെപ്പേര്‍ഡ് ഡ്രൈവ് ചെയ്തിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബാരിയറില്‍ പോയി ഇടിക്കുകയായിരുന്നെന്നും അപകടത്തില്‍ വിന്‍ഡീസ് ക്രിക്കറ്റര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.
ചില ഫെയ്‌സ്ബുക്ക് പേജുകളിലും ഈ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. വിക്കി പീഡിയ പേജില്‍ ചിലര്‍ അദ്ദേഹം മരിച്ചതായി എഡിറ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഷെപ്പേര്‍ഡ് മരിച്ചതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതവും വ്യാജവുമാണ്. അമളി പറ്റിയത് മനസിലായതോടെ വാര്‍ത്ത ആദ്യം നല്‍കിയ ഓണ്‍ലൈന്‍ മീഡിയ അത് പിന്‍വലിച്ചു. വിക്കി പീഡിയയില്‍ എഡിറ്റ് ചെയ്തതും തിരുത്തിയിട്ടുണ്ട്.
അപകടം സംഭവിച്ചു എന്നു പറയുന്ന സെപ്റ്റംബര്‍ 21 ന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഷെപ്പേര്‍ഡ് കളിച്ചിട്ടുണ്ട്. അന്ന് നടന്ന മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനു വേണ്ടി ഇറങ്ങിയ ഷെപ്പേര്‍ഡ് ആറ് പന്തില്‍ നിന്ന് 10 റണ്‍സ് നേടിയിരുന്നു. ഒരോവര്‍ പന്തെറിയുകയും ചെയ്തിട്ടുണ്ട്.
29 കാരനായ ഷെപ്പേര്‍ഡ് വെസ്റ്റ് ഇന്‍ഡീസിനായി 31 ഏകദിനങ്ങളും 43 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ്. ഓഗസ്റ്റ് 27 നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ട്വന്റി 20 മത്സരത്തിലാണ് ഷെപ്പേര്‍ഡ് അവസാനമായി വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി കളിച്ചത്.