ഇന്ത്യ നേരത്തെ ഡിക്ലയർ ചെയ്തു, രോഹിത് രാഹുലിനെ ചതിച്ചെന്ന് മുൻ പാക് താരം

അഭിറാം മനോഹർ
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (16:37 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയതെങ്കിലും മത്സരത്തില്‍ നേരത്തെ ഡിക്ലയര്‍ ചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ താരമായ ബാസിത് അലി. നേരത്തെ ഡിക്ലയര്‍ ചെയ്തത് വഴി രോഹിത് ശര്‍മ കെ എല്‍ രാഹുലിനെ ചതിക്കുകയായിരുന്നുവെന്ന് ബാസിത് അലി പറയുന്നു.
 
 ആദ്യ ഇന്നിങ്ങ്‌സില്‍ ബംഗ്ലാദേശിനെതിരെ 227 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഇതോടെ ടീമിന്റെ ലീഡ് 515 റണ്‍സിലെത്തി. ഈ സമയത്ത് ശുഭ്മാന്‍ ഗില്ലും കെ എല്‍ രാഹുലുമാണ് ക്രീസിലുണ്ടായിരുന്നത്. ടീമിന് വിജയിക്കാനുള്ള റണ്‍സ് ആയിരുന്നെങ്കില്‍ പോലും ദുലീപ് ട്രോഫിയിലടക്കം റണ്‍സ് കണ്ടെത്താന്‍ കഷ്ടപ്പെട്ട കെ എല്‍ രാഹുലിന് ഫോം തിരിച്ചുപിടിക്കാന്‍ രോഹിത് ശര്‍മ അവസരം നല്‍കണമായിരുന്നുവെന്നാണ് ബാസിത് അലി പറയുന്നു. രാഹുല്‍ 70-80 റണ്‍സ് നേടിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് അതിന്റെ പ്രയോജനം ലഭിക്കുമായിരുന്നുവെന്നും വാസിത് അലി പറയുന്നു.
 
 വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയിലടക്കം ടീമിന്റെ നിര്‍ണായക താരമാണ് രാഹുല്‍. അതിനാല്‍ തന്നെ ബംഗ്ലാദേശിനെതിരെ റണ്‍സ് കണ്ടെത്താൻ സാധിച്ചാല്‍ അത് രാഹുലിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമായിരുന്നുവെന്നും എന്നാല്‍ ഈ അവസരമാണ് രോഹിത് ഇല്ലാതാക്കിയതെന്നും ബാസിത് അലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article