ദക്ഷിണാഫ്രിക്കയില്‍ രോഹിത്തിന്റെ റെക്കോര്‍ഡുകള്‍ ദയനീയം, ചരിത്രം തിരുത്താന്‍ ഹിറ്റ്മാനാകുമോ?

ചൊവ്വ, 5 ഡിസം‌ബര്‍ 2023 (18:14 IST)
ലോകകപ്പ് ഫൈനലിലേറ്റ കനത്ത തോല്‍വിക്ക് ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലാകും ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം തിരിച്ചെത്തുക. ടി20,ഏകദിന പരമ്പരകളും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നുണ്ടെങ്കിലും ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ നിന്നും സീനിയര്‍ താരങ്ങള്‍ മാറിനില്‍ക്കുകയായിരുന്നു.
 
ഡിസംബര്‍ 26നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരം. ഈ മാസം 10 മുതല്‍ 14 വരെയാണ് ടി20 പരമ്പര. ഇതിന് പിന്നാലെ 17 മുതല്‍ 21 വരെ ഏകദിന പരമ്പരയും നടക്കും. ടി20യില്‍ സൂര്യകുമാര്‍ യാദവും ഏകദിനത്തില്‍ കെ എല്‍ രാഹുലുമാകും ഇന്ത്യന്‍ ടീമിനെ നയിക്കുക. കഴിഞ്ഞ ലോകകപ്പില്‍ 597 റണ്‍സുമായി രോഹിത് തിളങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരിതാപകരമായ റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച എട്ട് ടെസ്റ്റ് ഇന്നിങ്ങ്‌സുകളില്‍ ഒന്നില്‍ പോലും 50 റണ്‍സ് തികയ്ക്കാന്‍ രോഹിത്തിനായിട്ടില്ല. 47 റണ്‍സാണ് ദക്ഷിണാഫ്രിക്കയില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതിന് പുറമെ ഒരിക്കല്‍ മാത്രമാണ് താരം 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. 14,6,0,25,11,10,10,47 എന്നിങ്ങനെയാണ് താരത്തിന്റെ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ പ്രകടനം.
 
13 ഏകദിനങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ രോഹിത് കളിച്ചത്. ഇതില്‍ ഒരു ഇന്നിങ്ങ്‌സില്‍ 115 റണ്‍സ് നേടി എന്നതൊഴിച്ചാല്‍ ബാക്കിയുള്ളവയിലൊന്നും 25 റണ്‍സ് പോലും തികയ്കാന്‍ അദ്ദേഹത്തിനായിട്ടില്ല. രണ്ടുതവണ 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരം ബാക്കിയുള്ള മത്സരങ്ങളിലെല്ലാം വമ്പന്‍ ഫ്‌ളോപ്പായിരുന്നു. 13 ഏകദിനങ്ങളില്‍ നിന്നും 256 റണ്‍സ് മാത്രമാണ് താരത്തിന് സമ്പാദ്യം. ടെസ്റ്റിലും ഏകദിനത്തിലും ദക്ഷിണാഫ്രിക്കയില്‍ കുറഞ്ഞത് 100 റണ്‍സെങ്കിലും നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ 20ന് താഴെ ബാറ്റിംഗ് ശരാശരിയുള്ള ഇന്ത്യന്‍ ബാറ്ററെന്ന നാണക്കേടും രോഹിത്തിന്റെ പേരിലാണ്. ഇത് തിരുത്താന്‍ രോഹിത്തിനാകുമോ അതോ ദക്ഷിണാഫ്രിക്കയിലെ ദയനീയ പ്രകടനം ആവര്‍ത്തിക്കുമോ എന്നതറിയാനാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍