ലോകകപ്പ് ഫൈനലിലെ തോൽവി: ദ്രാവിഡിനോടും രോഹിത്തിനോടും വിശദീകരണം തേടി ബിസിസിഐ

ഞായര്‍, 3 ഡിസം‌ബര്‍ 2023 (08:38 IST)
ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തിനേറ്റ തോല്‍വിയില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോടും നായകന്‍ രോഹിത് ശര്‍മയോടും വിശദീകരണം തേടി ബിസിസിഐ. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് 11 ദിവസങ്ങളോളം കഴിഞ്ഞ ശേഷം ബിസിസിഐ അധികൃതര്‍ ദ്രാവിഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
 
അതേസമയം ഇന്ത്യയുടെ ലോകകപ്പ് തോല്‍വിക്ക് പ്രധാനകാരണമായത് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ പിച്ചാണെന്ന് പരിശീലകനായ രാഹുല്‍ ദ്രാവിഡ് വിശദമാക്കിയെന്നാണ് വിവരം. ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചത്ര ടേണ്‍ പിച്ചില്‍ നിന്നും ലഭിച്ചില്ലെന്നും ഇത് ഓസ്‌ട്രേലിയയുടെ ബാാറ്റിംഗ് അനായാസമാക്കിയെന്നും ദ്രാവിഡ് പറഞ്ഞു. മുന്‍പ് മത്സരങ്ങള്‍ക്ക് ഉപയോഗിച്ച പിച്ചിലായിരുന്നു ഫൈനല്‍. സാധാരണഗതിയില്‍ നോക്കൗട്ട് മത്സരങ്ങളില്‍ പുതിയ പിച്ചാണ് ഉപയോഗിക്കാറുള്ളത്.
 
ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഫൈനലില്‍ പഴയ പിച്ച് തെരെഞ്ഞെടുത്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫൈനലില്‍ സ്പിന്നര്‍മാര്‍ക്ക് സഹായം കിട്ടാനായി ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പിച്ച് നനയ്ക്കുന്നത് നിര്‍ത്തിയിരുന്നു. പ്രാദേശിക ക്യൂറേറ്റര്‍ നിര്‍ദേശിച്ചത് പ്രകാരമാണ് ഫൈനലില്‍ ഉപയോഗിച്ച പിച്ച് മതിയെന്ന് ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചതെന്ന് ബിസിസിഐ നേതൃത്വത്തോട് ദ്രാവിഡ് പറഞ്ഞു. ഫൈനലിലെ ടോസും പിച്ചില്‍ നിന്നുള്ള പിന്തുണ ഫലപ്രദമായി ഉപയോഗിച്ച ഓസീസ് ബൗളിംഗുമാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണമായതെന്നാണ് ദ്രാവിഡിന്റെ വിശദീകരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍