ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടി20,ടെസ്റ്റ്,ഏകദിന മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏകദിന ടീമില്‍ മാത്രമാണ് മലയാളി താരമായ സഞ്ജു സാംസണ്‍ ഇടം നേടിയത്. നേരത്തെ ടി20 ടീമില്‍ സജീവമായിരുന്ന താരത്തെ ടി20 ലോകകപ്പ് അടുക്കുന്ന സമയത്ത് ഏകദിന ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയതില്‍ ഒരു കൂട്ടം ആരാധകര്‍ നിരാശരാണ്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സഞ്ജുവിനെ പരിഗണിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് ബിസിസിഐയുടെ ഈ തീരുമാനമെന്ന് ക്രിക്കറ്റ് ആരാധകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സഞ്ജുവിന് അവസരം നല്‍കിയിരുന്നില്ല. ഏകദിനത്തില്‍ മോശം പ്രകടനം തുടര്‍ന്ന സൂര്യകുമാര്‍ യാദവിനായിരുന്നു ടീം അവസരം നല്‍കിയത്. സമാനമായി ടി20 ലോകകപ്പ് അടുക്കുന്ന സമയത്ത് ടി20യില്‍ സഞ്ജുവിന് അവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ബിസിസിഐ. നേരത്തെ ഏകദിന ലോകകപ്പ് അടുക്കുന്ന സമയത്ത് ഇന്ത്യയുടെ ടി20 ടീമിലേക്കായിരുന്നു സഞ്ജുവിനെ തേടി അവസരമെത്തിയത്. എന്നാല്‍ ഇപ്പോള്‍ ടി20 ലോകകപ്പ് അടുത്തെത്തുമ്പോള്‍ ഏകദിനങ്ങളിലാണ് സഞ്ജുവിന് അവസരങ്ങള്‍ നല്‍കുന്നത്.
അതേസമയം ടി20 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക യുവതാരങ്ങളാകുമെന്ന് ബിസിസിഐ തീരുമാനത്തിലൂടെ വ്യക്തമായി. രവീന്ദ്ര ജഡേജ,രോഹിത് ശര്‍മ,വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തി യുവതാരങ്ങളെയാകും വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ അണിനിരത്തുക. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും സീനിയര്‍ താരങ്ങള്‍ ഭാഗമാകില്ല. ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് കോലിയും രോഹിത്തുമടക്കമുള്ള താരങ്ങള്‍ ടീമിലുള്ളത്.