ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ടി20 ഫോര്‍മാറ്റില്‍ നിന്നും ഏറെക്കാലമായി മാറിനില്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ രോഹുത് ശര്‍മ ടി20 ടീമില്‍ തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ടീം പ്രഖ്യാപനം സംബന്ധിച്ച ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.
ടി20 പരമ്പരയില്‍ ടീമിലുണ്ടെങ്കിലും ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും രോഹിത് വിട്ടുനില്‍ക്കും. കെ എല്‍ രാഹുലായിരിക്കും പകരം ഇന്ത്യന്‍ ടീമിനെ നയിക്കുക. സഞ്ജുവിന് പുറമെ രജത് പാട്ടീധാറും ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം വിരാട് കോലി ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലുള്ള ഇന്ത്യന്‍ ടീമിലില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ലിമിറ്റഡ് ഓവറില്‍ തന്നെ പരിഗണിക്കരുതെന്ന് നേരത്തെ കോലി ആവശ്യപ്പെട്ടിരുന്നു.
മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാകും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. ഇത് കൂടാതെ 2 ടെസ്റ്റ് മത്സരങ്ങളും ടീം കളിക്കും. ടെസ്റ്റ് മത്സരത്തില്‍ കോലി തിരിച്ചെത്തുമെങ്കിലും ടീമിലെ സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ ടീമിലുണ്ടാവില്ല. രഹാനെയ്ക്ക് പകരം ശ്രേയസ് അയ്യരായിരിക്കും ടെസ്റ്റ് ടീമില്‍ കളിക്കുക. ലോകകപ്പ് ടീമിലെ പ്രധാനതാരങ്ങളായ ബുമ്ര,ഷമി,സിറാജ്,ഷാര്‍ദൂല്‍ ഠാക്കൂര്‍,ആര്‍ അശ്വിന്‍ എന്നിവരെല്ലാം തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.