ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചിരിക്കുകയാണ്. ഏകദിന ലോകകപ്പ് കഴിഞ്ഞതു കൊണ്ടാണോ സഞ്ജുവിന് ഇപ്പോള്‍ അവസരം കൊടുത്തത് എന്നാണ് ആരാധകര്‍ ബിസിസിഐയോട് ചോദിക്കുന്നത്. മികച്ച രീതിയില്‍ ഏകദിനങ്ങള്‍ കളിച്ചിട്ടും ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സഞ്ജുവിനേക്കാള്‍ താഴെ പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ലോകകപ്പ് ടീമില്‍ സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ലോകകപ്പ് കഴിഞ്ഞതോടെ സഞ്ജുവിന് ഏകദിന ഫോര്‍മാറ്റില്‍ അവസരം നല്‍കുകയും ചെയ്തിരിക്കുന്നു.
ബിസിസിഐയുടെ ഇരട്ടത്താപ്പിനെ ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ്. അടുത്ത വര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കുന്നു. അതുകൊണ്ട് തന്നെ ഇനി ട്വന്റി 20 ഫോര്‍മാറ്റില്‍ സഞ്ജുവിന് അവസരം ലഭിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ടീമില്‍ സഞ്ജുവിന് സ്ഥാനം നല്‍കാത്തത് അതുകൊണ്ടാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ടീമില്‍ ഇഷാന്‍ കിഷന്‍ ഇടം പിടിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഇഷാനേക്കാള്‍ മികവുണ്ട് സഞ്ജുവിന്. എന്നിട്ടും ട്വന്റി 20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് അടുത്ത ട്വന്റി 20 ലോകകപ്പ് ടീമില്‍ ബിസിസിഐ സഞ്ജുവിനെ പരിഗണിക്കുന്നില്ല എന്നതിന്റെ തെളിവാണ്. യുവതാരം ജിതേഷ് ശര്‍മയ്ക്ക് പോലും ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്. മലയാളി ആയതുകൊണ്ടാണോ സഞ്ജുവിനോട് ഇത്രയും അവഗണനയെന്നും ആരാധകര്‍ ചോദിക്കുന്നു.