ഈ വര്‍ഷം ജൂണില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ലോകകപ്പില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാകും ഇന്ത്യയുടെ ടി20 ടീമിനെ നയിക്കുക എന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി. യു എസിലും വെസ്റ്റിന്‍ഡീസിലുമായാണ് ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
ഐപിഎല്‍ ടൂര്‍ണമെന്റിലെ പ്രകടനങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരെഞ്ഞെടുക്കുന്നത്. അതേസമയം ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യ ഇനിയും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. പരിക്കില്‍ നിന്നും മുക്തനായാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ ഉപനായകനാകുക ഹാര്‍ദ്ദിക്കായിരിക്കും.
ജൂണ്‍ 1 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഗ്രൂപ്പ് എയില്‍ യു എസ്, കാനഡ,അയര്‍ലന്‍ഡ്,പാകിസ്ഥാന്‍ എന്നിവയ്‌ക്കൊപ്പമാണ് ഇന്ത്യയുള്ളത്. ജൂണ്‍ 5ന് അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ജൂണ്‍ 9ന് ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം നടക്കും. 20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്.