കോഹ്ലി അവധിയിൽ, രോഹിത് പുറത്തേക്ക്; നാഥനില്ലാക്കളരിയായി ഇന്ത്യൻ ടീം? ആര് നയിക്കും?

ചിപ്പി പീലിപ്പോസ്

ശനി, 2 നവം‌ബര്‍ 2019 (12:07 IST)
ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശർമയാണ്. ക്യാപ്റ്റൻ വിരാട് കോഹ്ലി അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഉപനായകൻ രോഹിത് ശർമ ടീമിന്റെ ഉത്തവാദിത്വം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, ബംഗ്ലാദേശിനെതിരെ ആദ്യ ടി20യ്ക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. 
 
രോഹിത്ത് ശര്‍മ്മയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റു. കാലില്‍ പന്തുകൊണ്ട രോഹിത് ഉടന്‍തന്നെ പരിശീലനം നിര്‍ത്തി പുറത്തുപോവുകയായിരുന്നു. ഇതോടെ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ കളിക്കുമോയെന്ന കാര്യം ത്രിശങ്കുവിലായി. രോഹിതിന്റെ പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും മത്സരത്തിനു പങ്കെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. 
 
ഇന്ത്യയുടെ ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റായ നുവാന്‍ സേനവിരത്നെയെ നേരിടുമ്പോഴായിരുന്നു രോഹിതിന്റെ കാലില്‍ പന്ത് കൊണ്ടത്. വേദന കൊണ്ട് പുളഞ്ഞ രോഹിത് ഉടൻ തന്നെ പരിശീലനം നിർത്തി ഗ്രൌണ്ട് വിടുകയായിരുന്നു. ഇക്കാര്യത്തെ ക്യുറിച്ച് ബിസിസിഐയോ അല്ലെങ്കില്‍ ടീം മാനേജ്മെന്റോ ഔദ്യോഗികമായ ഒരു അറിയിപ്പും പുറത്തുവിട്ടിട്ടില്ല. 
 
വിരാട് കോഹ്‌ലി അവധി എടുക്കുമ്പോൾ മാത്രം തന്നെ തേടി വരാറുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം നായകപദവി കയ്യിൽ ഭദ്രമാണെന്ന് പലതവണ തെളിയിച്ച നായകനാണ് രോഹിത് ശർമ. ബംഗ്ലാദേശിനോട് ഏറ്റുമുട്ടാനൊരുങ്ങുമ്പോഴും അത് അങ്ങനെ തന്നെ. എന്നാൽ, രോഹിതിന്റെ പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടി നൽകുകയാണോ?. കോഹ്ലിയും രോഹിതും ഇല്ലാതെ ടീമിനെ ആര് നയിക്കുമെന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയരുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍