അനുഷ്കയ്ക്ക് ചായ കൊണ്ട് കൊടുക്കുന്ന സെലക്ടർമാർ!- സത്യമെന്ത്?

ചിപ്പി പീലിപ്പോസ്

വെള്ളി, 1 നവം‌ബര്‍ 2019 (11:38 IST)
ലോകകപ്പിനിടെ കമ്മിറ്റി അംഗങ്ങളിലൊരാൾ ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യ അനുഷ്ക ശർമയ്ക്ക് ചായ കൊണ്ടുപോയി കൊടുക്കുന്നത് നേരിൽ കണ്ടുവെന്ന മുൻ ഇന്ത്യൻ താരം ഫാറൂഖ് എൻജിനീയറിന്റെ പരാമർശം വൻ തെറ്റിദ്ധാരണയാണ് ക്രിക്കറ്റ് ലോകത്ത് പടർത്തിയത്. സെലക്ഷൻ കമ്മിറ്റിയെ പരിഹസിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദെശമെങ്കിലും അതിനായി അനുഷ്കയെ പഴിചാരിയത് ശരിയായില്ലെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറയുന്നു. 
 
സാധാരണഗതിയിൽ ഇത്തരം വിവാദങ്ങളോട് മുഖം തിരിക്കാറുള്ള അനുഷ്ക ഇത്തവണ വ്യക്തമായ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ്. പലതവണ വിവാദങ്ങളിൽ പെട്ടപ്പോഴും പ്രതികരിക്കാതിരുന്ന താൻ ഇത്തവണ നിശബ്ദയാകാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. 
 
‘ആത്മാഭിമാനത്തോടെ ജീവിക്കുന്ന സ്ത്രീയാണ് ഞാൻ. എന്ത് വിവാദങ്ങൾ ഉണ്ടായാലും ഇതുവരെ പ്രതികരിച്ചിട്ടില്ല. മൌനമാണ് എറ്റവും നല്ല മാർഗമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ ഒരേ കള്ളം പലയാവർത്തി പറയുമ്പോൾ സത്യമാണെന്ന് കേൾക്കുന്നവർക്ക് തോന്നിയേക്കാം. അതുകൊണ്ട് മാത്രം ഇത്തവണ മറുപടി പറയാമെന്ന് കരുതി.’
 
‘ഇന്ത്യൻ നായകനും തന്റെ ഭർത്താവുമായ വിരാട് കോഹ്ലി ഫോം ഔട്ട് ആകുമ്പോഴെല്ലാം കുറ്റക്കാരി ഞാനായി. എനിക്കെതിരെ വിമർശനങ്ങൾ ഉയർന്നു. അതിനിർണായകമായ മീറ്റിങ്ങുകളിൽ ഞാൻ പങ്കെടുക്കാറുണ്ടെന്ന് വരെ വാർത്ത വന്നു. ടീം തെരഞ്ഞെടുപ്പിൽ തന്റെ സ്വാധീനം ഉണ്ടെന്നും പരക്കെ സംസാരമുണ്ടായി. ഇന്ത്യൻ ടീമിൽ എനിക്ക് പ്രത്യേക പരിഗണന ഉണ്ടെന്നും ചട്ടങ്ങൾ ലംഘിച്ച് ഭർത്താവിനൊപ്പം വിദേശരാജ്യങ്ങളിൽ താമസിച്ചുവെന്നും പറഞ്ഞു’.
 
‘വിമാന ടിക്കറ്റും മത്സരങ്ങളുടെ ടിക്കറ്റും ആരും ഔദാര്യം തരുന്നതല്ല, എന്റെ പണം ചിലവാക്കി ഞാൻ വാങ്ങുന്നതാണ്. അങ്ങനെ നീളുന്നു ആരോപണങ്ങൾ. ഒരിക്കലും ഞാൻ ഇതിനോട് ഒന്നും പ്രതികരിച്ചില്ല. എന്നാൽ, ഒന്നും പോരാഞ്ഞത് ഇപ്പോൾ ആ ലിസ്റ്റിൽ ഏറ്റവും പുതിയത് ‘ലോകകപ്പിന്റെ സമയത്ത് സിലക്ഷൻ കമ്മിറ്റി അംഗങ്ങൾ എനിക്കു ചായ കൊണ്ടുവന്നു തന്നു എന്നാണ്‘. 
 
‘ഒരു കളി കാണാൻ ഞാനുണ്ടായിരുന്നു. താരങ്ങളുടെ കുടുംബാംഗങ്ങൾക്കായുള്ള ബോക്സിലിരുന്നാണ് കളി കണ്ടത്.  സിലക്ടർമാരുടെ ബോക്സിലിരുന്നല്ല. ഞാൻ ചായ കുടിക്കാറുമില്ല, എനിക്കാരും ചായ കൊണ്ട് തന്നിട്ടും ഇല്ല. വായിൽ തോന്നിയത് വിളിച്ച് പറയാൻ എന്നെ ഉപയോഗിക്കരുത്. ആത്മാഭിമാനമുള്ള ജോലി ചെയ്ത് ജീവിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ. ഒന്നിനും എന്റെ പേര് വലിച്ചിടരുത്‘- അനുഷ്ക കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍