ധോണി ഇല്ലാതെ എന്ത് സി എസ് കെ? തലയാണ് താരം !

ചിപ്പി പീലിപ്പോസ്

വ്യാഴം, 31 ഒക്‌ടോബര്‍ 2019 (15:28 IST)
ലോകകപ്പ് സെമിയില്‍ ഇന്ത്യ തോറ്റതിനു ശേഷം എം എസ് ധോണി ഇതുവരെ നീലക്കുപ്പായം അണിഞ്ഞിട്ടില്ല. ഇനി എന്നാണ് അദ്ദേഹം ഇന്ത്യൻ ടീമിനായി കളിക്കുക എന്ന കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ല. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വൻ ചർച്ചകളാണ് നടക്കുന്നത്. 
 
ധോണി വിരമിച്ചുവെന്ന് വരെ ചിലർ പ്രചരിപ്പിച്ചു. കഴിഞ്ഞ ദിവസം ഇത് ട്വിറ്ററിൽ ട്രെൻഡിംഗിൽ വരികയും ചെയ്തിരുന്നു. ധോണി ഇന്ത്യന്‍ ടീമിനോട് ബൈ പറഞ്ഞാല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായക സ്ഥാനം ആര് ഏറ്റെടുക്കും എന്ന ചോദ്യവും ഇതിനിടയിൽ ഉയർന്നു വന്നു. 
 
ചെന്നൈയെ നയിക്കാന്‍ അവരുടെ ‘തല’ തന്നെ മതിയെന്നാണ് ആരാധകരുടെ പക്ഷം. ഏതായാലും അത് ഉറപ്പിക്കാവുന്നതാണ്. മഞ്ഞപ്പടയെ നിയന്ത്രിക്കാനും നയിക്കാനും ധോണി തന്നെ മുന്നിലുണ്ടാകും. ചെന്നൈ ടീം വാക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. 
 
ദേശീയ ടീമില്‍ നിന്ന് വിരമിച്ചാലും ഇല്ലെങ്കിലും വരുന്ന ഐപിഎല്‍ സീസണിലും ടീമിനെ നയിക്കാന്‍ ധോണിയുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. വരുന്ന സീസണില്‍ ടീമിന്റെ നായകസ്ഥാനത്ത് ധോണി തന്നെ ആയിരികുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ലോകകപ്പിന് ശേഷം താരം രണ്ട് മാസത്തോളം സൈനിക സേവനത്തിലായിരുന്നു. ഡിസംബറിൽ വരെയാണ് അദ്ദേഹം അവധിയെടുത്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍