എല്ലാവർക്കും അറിയാവുന്നത് തന്നെയാണ്, പിന്നെന്തിനീ ചോദ്യം? - ശാസ്ത്രിയുടെ മറുപടി വൈറലാകുന്നു

ചിപ്പി പീലിപ്പോസ്

ശനി, 26 ഒക്‌ടോബര്‍ 2019 (11:54 IST)
എം എസ് ധോണി വിരമിക്കാറായില്ലേ? എന്താണ് തീരുമാനം? ലോകകപ്പ് തോ‌ൽ‌വിക്ക് ശേഷം ക്രിക്കറ്റ് ലോകത്തുള്ളവർ ചോദിച്ച് തുടങ്ങിയ ഒരു ചോദ്യമാണിത്. സൗരവ് ഗാംഗുലി ബിസിസിഐ സെക്രട്ടറിയായി ചുമതലയേറ്റതോടെ ധോണി ഇനി കളിക്കുമോ എന്ന ചോദ്യം വലിയ രീതിയിൽ ഉയർന്നു കേൾക്കാൻ തുടങ്ങി.
 
വിടവാങ്ങൽ പരമ്പരക്കല്ലാതെ മറ്റൊരു മത്സരത്തിലേക്കും ധോണിയുടെ പേര് സെലക്ഷൻ കമ്മറ്റി ഇനി പരിഗണിച്ചേക്കില്ല. ധോണിക്ക് മാന്യമായി വിടവാങ്ങാന്‍ അവസരമൊരുക്കുമെന്ന് ഗാംഗുലി പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ പരിശീലകൻ രവി ശാസ്ത്രി തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ്. 
 
ധോണി വിരമിക്കണമെന്ന് ആവശ്യപ്പെടുന്നവരെ വിമര്‍ശിച്ചാണ് ശാസ്ത്രിയുടെ പ്രതികരണം. ഇന്ത്യയ്ക്ക് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച താരമാണ് മഹേന്ദ്ര സിങ് ധോണി. അദ്ദേഹം പെട്ടെന്നു വിരമിക്കണമെന്ന് ആളുകള്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു.
 
എല്ലാവര്‍ക്കുമറിയാം ധോണി വിരമിക്കൽ പാതയിലാണെന്ന്. അദ്ദേഹത്തിനു അങ്ങനെയൊരു തീരുമാനം എടുക്കാൻ സമയം അനുവദിക്കണമെന്നാണ് ശാസ്ത്രിയുടെ പക്ഷം. കഴിഞ്ഞ 15 വര്‍ഷം ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. മാന്യമായി വിടവാങ്ങാനുള്ള അവകാശം ധോണിക്കുണ്ടെന്ന് ശാസ്ത്രി വ്യക്തമാക്കി.  
 
2019 ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് സെമിയിൽ പരാജയപ്പെട്ട ശേഷം ധോണി ഇതേവരെ ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ലോകകപ്പിന് തൊട്ടുപിന്നാലെ എത്തിയ വിൻഡീസ്, ദക്ഷിണാഫ്രിക്ക പരമ്പരകളിൽനിന്നും സ്വയം പിൻവാങ്ങി ധോണി സൈനിക സേവനത്തിന് പോവുകയായിരുന്നു തുടർന്ന് ബംഗ്ലാദേശ് പരമ്പരയിലേക്ക് പരിഗണിക്കേണ്ടതില്ല എന്നും സെലക്ഷൻ കമ്മറ്റിയെ അറിയിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍