ഇന്ത്യയ്ക്ക് 2 നായകന്മാർ വേണോ? അവനാണ് കളിയിലും കാര്യത്തിലും കേമൻ!

ചിപ്പി പീലിപ്പോസ്

വ്യാഴം, 24 ഒക്‌ടോബര്‍ 2019 (15:52 IST)
ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് സെമിയില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടതോടെ നായകൻ വിരാട് കോഹ്ലിക്കെതിരെ കടുത്ത ആരോപണമായിരുന്നു ഉന്നയിക്കപ്പെട്ടത്. കോഹ്ലിയുടെ നായകത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതോടെ ടീമിനു രണ്ട് നായകന്മാർ വേണമെന്നും ആരാധകർ ഉന്നയിച്ച് തുടങ്ങി. 
 
നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. ഇതോടെയാണ് നായകപദവികള്‍ ഇരുവര്‍ക്കു പങ്കിട്ടു നല്‍കിയേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാൽ, ഇത്തരം വാർത്തകളോട് മുഖം തിരിക്കുകയാണ് ബിസിസി‌ഐ പ്രസിഡന്റ് സൌരവ് ഗാംഗുലി. 
 
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇരട്ട നായകപദവിയുടെ ആവശ്യമില്ലെന്ന് സൗരവ് ഗാംഗുലി നിലപാട് വ്യക്തമാക്കി.
‘ഇത്തരമൊരു ചോദ്യത്തിന് പ്രസക്തിയുണ്ട് എന്ന് തോന്നുന്നില്ല. വിവിധ ഫോർമാറ്റുകളിൽ വേറെവേറെ ക്യാപ്റ്റൻമാരെ വയ്ക്കണമെന്ന വാദത്തിൽ കാര്യമില്ല. ടീം ഇന്ത്യ ഇപ്പോള്‍ മത്സരങ്ങള്‍ വിജയിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ. പിന്നെയെന്തിനാണ് ഓരോ ഫോർമാറ്റിലും ക്യാപ്റ്റൻമാരെ മാറ്റുന്നത് എന്നും ദാദ ചോദിക്കുന്നു.  
 
ഐസിസി ടൂര്‍ണമെന്റുകളില്‍ ജയിക്കുന്നതിന് ടീം ഇന്ത്യ പ്രാധാന്യം നല്‍കണമെന്ന് ഗാംഗുലി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ട്രോഫി 2013-ല്‍ എം എസ് ധോണിക്ക് കീഴില്‍ നേടിയ ശേഷം ഇന്ത്യക്ക് ഐസിസി കിരീടങ്ങളൊന്നും നേടാനായിട്ടില്ല. 2015, 19 ലോക കപ്പുകളില്‍ സെമിയില്‍ പുറത്തായ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ 2017-ല്‍ ഫൈനലിലും പരാജയപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍