Road Safety World Series : സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ ലെജന്‍ഡ്‌സ് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിന്റെ ഫൈനലില്‍. ഓസ്‌ട്രേലിയ ലെജന്‍ഡ്‌സിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഓസ്‌ട്രേലിയയുടെ 171 റണ്‍സ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
62 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം 90 റണ്‍സുമായി പുറത്താകാതെ നിന്ന നമാന്‍ ഓജയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഓജ ക്രീസില്‍ നങ്കൂരമിട്ടു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഇര്‍ഫാന്‍ പത്താനും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. പത്താന്‍ വെറും 12 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 37 റണ്‍സ് നേടി പുറത്താകാതെ നിന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (10), സുരേഷ് റെയ്‌ന (11), യുവരാജ് സിങ് (18) എന്നിവര്‍ക്ക് കാര്യമായി തിളങ്ങാനായില്ല.
നേരത്തെ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ ലെജന്‍ഡ്‌സ് 171 റണ്‍സ് നേടിയത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ബെന്‍ ഡങ്ക് 46 റണ്‍സും അലക്‌സ് ദൂലന്‍ 35 റണ്‍സും നേടി. ഷെയ്ന്‍ വാട്‌സണ്‍ 30 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ന് നടക്കുന്ന ശ്രീലങ്ക ലെജന്‍ഡ്‌സ് - വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരത്തിലെ വിജയികള്‍ ആയിരിക്കും ഫൈനലില്‍ ഇന്ത്യയെ നേരിടുക.