Rishabh Pant: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകാന്‍ റിഷഭ് പന്ത്. വാഹനാപകടത്തില്‍ പരുക്കേറ്റ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നതിനു മുന്‍പ് വരെ റിഷഭ് പന്തായിരുന്നു ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഉപനായകന്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ പന്തിന് ഉപനായകസ്ഥാനം തിരിച്ചു നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. രോഹിത് ശര്‍മ നായകനായി തുടരും.
മേയ് ഒന്ന് ബുധനാഴ്ച സെലക്ടര്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കും. റിഷഭ് പന്തിനെ ഉപനായകനാക്കുന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ തീരുമാനത്തിലെത്തും. ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ ഉപനായകസ്ഥാനത്തേക്ക് നല്ലത് പന്ത് തന്നെയാണെന്ന് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഭിപ്രായമുണ്ട്.
മാത്രമല്ല ലോകകപ്പ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായി പന്തിനെ തന്നെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചാലും വിക്കറ്റ് കീപ്പര്‍ പൊസിഷന്‍ ലഭിക്കാന്‍ സാധ്യത കുറവാണ്.