സിഡ്‌നിയിൽ തീപ്പൊരി ബാറ്റിങ്ങുമായി പന്ത്, കൂടെ തകർപ്പൻ റെക്കോർഡുകൾ

തിങ്കള്‍, 11 ജനുവരി 2021 (14:19 IST)
സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത് ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാനായ റിഷഭ് പന്താണ്. ഇന്ത്യയുടെ രണ്ടാമിന്നിങ്സിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ പന്ത് ക്യാപ്‌റ്റന്റെ തീരുമാനത്തെ സാധൂകരിക്കുന്ന പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. ഇന്ത്യക്ക് വിജയപ്രതീക്ഷകൾ നൽകി സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെയായിരുന്നു പന്തിന്റെ പുറത്താകൽ. അതേസമയം 118 പന്തിൽ 97 റൺസെന്ന വെടിക്കെട്ട് പ്രകടനത്തോടെ ടെസ്റ്റിൽ ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കാനും പന്തിനായി.
 
എംഎസ് ധോണി അടക്കമുള്ള വിക്കറ്റ് കീപ്പിങ് താരങ്ങളെ പിന്തള്ളിയാണ് പന്തിന്റെ നേട്ടം. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ റൺസുകൾ നേടുന്ന ഏഷ്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടമാണ് വെറും 23 വയസ് മാത്രം പ്രായമുള്ള പന്ത് സ്വന്തമാക്കിയത്. 17 ഇന്നിങ്സിൽ നിന്നും 487 റൺസ് നേടിയ സയ്യിദ് കിർമാനിയെയാണ് 10 ഇന്നിങ്സ് കൊണ്ട് പന്ത് മറികടന്നത്. ഇന്ത്യയുടെ മുൻ നായകൻ കൂടിയായ എംഎസ് ധോണിക്ക് 18 ഇന്നിങ്സിൽ നിന്നും 318 റൺസ് മാത്രമേയുള്ളു.
 
അതേസമയം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ നാലാം ഇന്നിംഗ്‌സിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന റെക്കോര്‍ഡും പന്ത് അടിച്ചെടുത്തു. 2018ല്‍ ഇംഗ്ലണ്ടിലെ ഓവലില്‍ പന്ത് തന്നെ കുറിച്ച 114 റണ്‍സാണ് ഒന്നാമത്.ലോര്‍ഡ്‌സില്‍ 2007ല്‍ എം എസ് ധോണി നേടിയ 76 റണ്‍സാണ് പട്ടികയില്‍ മൂന്നാമത്.118 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതമാണ് 97 റണ്‍സ് പന്ത് സ്വന്തമാക്കിയത്. നാലാം വിക്കറ്റില്‍ പൂജാരയ്‌ക്കൊപ്പം നിർണായകമായ 148 റൺസ് ചേർക്കാനും പന്തിനായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍