2020ലെ അവസാന ഇരട്ടസെഞ്ചുറി, 2021ലെ ആദ്യത്തെ ഇരട്ടസെഞ്ചുറിയും, ഒന്നാമൻ താൻ തന്നെയെന്ന് തെളിയിച്ച് വില്യംസൺ

ചൊവ്വ, 5 ജനുവരി 2021 (15:47 IST)
പാകിസ്ഥാനെതിരെ ഇരട്ടസെഞ്ചുറി പ്രകടനത്തോടെ പുതുവർഷത്തിന് തുടക്കം കുറിച്ച് ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ. ഇതോടെ 2020ലെ അവസാന ഇരട്ട ശതകവും 2021ലെ ആദ്യ ഇരട്ടശതകവും താരം തന്റേതാക്കി മാറ്റി. നിലവിൽ സ്വപ്‌നതുല്യമായ ഫോം തുടരുന്ന താരം 238 റൺസ് നേടിയാണ് പുറത്തായത്.
 
അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കാനും താരത്തിനായി. ന്യൂസിലൻഡിന് വേണ്ടി വേഗത്തിൽ 7000 റൺസ് സ്വന്തമാക്കുന്ന താരം കൂടിയാണ് വില്യംസൺ. 83 ടെസ്റ്റില്‍ (144 ഇന്നിങ്‌സ്) നിന്നാണ് താരം നേട്ടത്തിലെത്തിയത്. ന്യൂസിലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് വില്യംസൺ ഇപ്പോൾ. 105 ടെസ്റ്റില്‍ 7379 നേടിയിട്ടുള്ള റോസ് ടെയ്‌ലറാണ് ഒന്നാമത്. 111 മത്സങ്ങളിൽ 7115 റണ്‍സ് നേടിയ മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിങാണ് രണ്ടാമത്.
 
ഇത് കൂടാതെ ടെസ്റ്റിൽ തുടർച്ചയായി 3 സെഞ്ചുറികൾ നേടുന്ന നാലാമാത്തെ മാത്രം ന്യൂസിലൻഡ് ബാറ്റ്സ്മാനെന്ന റെക്കോർഡ് നേടാനും താരത്തിനായി. മത്സരത്തിൽ നാലാം വിക്കറ്റിൽ വില്യംസൺ-നിക്കോൾസ് സഖ്യം നേടിയ 369 റൺസും റെക്കോർഡാണ്. നാലാം വിക്കറ്റില്‍ കിവീസിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. റോസ് ടെയ്‌ലര്‍- ജെസ്സെ റയ്ഡര്‍ എന്നിവരുടെ 271 റൺസാണ് ഇരുവരും മറികടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍