ഐപിഎൽ പതിനഞ്ചാം സീസണിൽ ആർസിബിക്കെതിരെ കരുത്തറിയിച്ച് ചെന്നൈ ബാറ്റിങ് നിര. തുടക്കത്തിലെ തന്നെ വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ശിവം ദുബെ-റോബിൻ ഉത്തപ്പ സഖ്യം 165 റൺസിന്റെ കൂട്ടുക്കെട്ടാണ് സ്വന്തമാക്കിയത്.ഇതോടെ ഈ സീസണിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ് ഉത്തപ്പ-ദുബെ സഖ്യം സ്വന്തമാക്കി.
ചെന്നൈ ഇന്നിംഗ്‌സിലെ ഏഴാം ഓവറില്‍ മൊയീന്‍ അലി പുറത്തായപ്പോഴാണ് റോബിന്‍ ഉത്തപ്പയും ശിവം ദുബെയും ഒന്നിക്കുന്നത്.50 പന്തില്‍ നാല് ഫോറും ഒന്‍പത് സിക്‌സും സഹിതം 88 റണ്‍സെടുത്ത ഉത്തപ്പ പുറതാവുമ്പോഴേക്കും 200 റൺസ് ചെന്നൈ സ്കോർ ബോർഡിൽ കുറിച്ചിരുന്നു.പഞ്ചാബ് കിംഗ്‌സിനെതിരെ ആര്‍സിബി താരങ്ങളായ ഫാഫ് ഡുപ്ലസിയും വിരാട് കോലിയും ചേര്‍ത്ത 118 റണ്‍സായിരുന്നു ഈ സീസണില്‍ നേരത്തെയുണ്ടായിരുന്ന ഉയര്‍ന്ന കൂട്ടുകെട്ട്.
ചെന്നൈ ഇന്നിംഗ്‌സിലെ അവസാന പന്ത് വരെ ശിവം ദുബെ ബാറ്റ് വീശി. 46 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സറും സഹിതം ദുബെ 95* റണ്‍സുമായി പുറത്താകാതെ നിന്നു.ഇതോടെ ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റിന് 216 എന്ന കൂറ്റന്‍ സ്‌കോറിലെത്തി. റുതുരാജ് ഗെയ്‌ക്‌വാദ് 17ഉം മൊയീന്‍ അലി മൂന്നും റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ പൂജ്യത്തിന് പുറത്തായി. ആർസിബിക്കായി ഹസരങ്ക രണ്ടും ഹേസൽവുഡ് ഒരു വിക്കറ്റും വീഴ്‌ത്തി.