രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ടെസ്‌റ്റ് മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വിരമിച്ചു. ഏകദിനത്തിലും ട്വന്റി-20യിലും കൂടുതൽ ശ്രദ്ധകൊടുക്കുന്നതിനാണ് ഈ വിരമിക്കൽ. വിവരം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെ റായിഡു അറിയിച്ചിട്ടുണ്ട്.
മുപ്പത്തിമൂന്നുകാരനായ റായിഡുവിന്റെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ വലിയ ആശ്ചര്യമാണുണ്ടാക്കിയത്. തമിഴ്‌നാടിനെതിരായ ഹൈദരാബാദിന്റെ അടുത്ത രഞ്ജി മത്സരത്തില്‍ റായിഡു കളിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ റായിഡു കളിച്ചിട്ടുണ്ട്. 16 സെഞ്ചുറിയും 14 അര്‍ദ്ധ സെഞ്ചുറിയും റായിഡു ഫസ്റ്റ് ക്ലാസില്‍ അടിച്ചിട്ടുണ്ട്.
രാജ്യാന്തര, ആഭ്യന്തര രംഗങ്ങളില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും തനിക്ക് അവസരം തന്ന ബിസിസിഐയ്ക്കും, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും ബറോഡ ക്രിക്കറ്റ് അസോസിയേഷനും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനും നന്ദി പറയുന്നതായും റായിഡു പറഞ്ഞു.