Mumbai Indians: തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സിന് എട്ടിന്റെ പണി കൊടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്, വില്ലനായത് റാഷിദ് ഖാന്‍

Webdunia
ശനി, 13 മെയ് 2023 (08:31 IST)
Mumbai Indians: വന്‍ മാര്‍ജിനിലുള്ള ജയം ഉറപ്പിച്ച മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ അത്ര പെട്ടന്ന് അടിയറവ് പറയാന്‍ ഗുജറാത്ത് ടൈറ്റന്‍സ് തയ്യാറായില്ല. മുന്‍ ചാംപ്യന്‍മാരെന്ന നിലയില്‍ തങ്ങളുടെ പോരാട്ടവീര്യം എത്രത്തോളമുണ്ടെന്ന് ഗുജറാത്ത് മുംബൈക്ക് കാണിച്ചുകൊടുത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 27 റണ്‍സിന്റെ തോല്‍വിയാണ് ഗുജറാത്ത് വഴങ്ങിയത്. 
 
ഒരു ഘട്ടത്തില്‍ ഗുജറാത്ത് 103-8 എന്ന നിലയില്‍ തകര്‍ന്നതാണ്. ഒരുപക്ഷേ 100 റണ്‍സിന്റെ കൂറ്റന്‍ വിജയം മുംബൈ സ്വന്തമാക്കിയേക്കും എന്ന ഘട്ടം വരെ എത്തി. അവിടെ നിന്നാണ് ഗുജറാത്ത് ഞെട്ടിക്കാന്‍ തുടങ്ങിയത്. റാഷിദ് ഖാന്‍ പത്ത് സിക്‌സും മൂന്ന് ഫോറും അടക്കം വെറും 32 പന്തില്‍ 79 റണ്‍സ് ! ഒരുപക്ഷേ അപ്പുറത്തെ സൈഡില്‍ റാഷിദിനൊപ്പം അടിച്ചുകളിക്കാന്‍ മറ്റൊരു താരം കൂടി ഉണ്ടായിരുന്നെങ്കില്‍ കളി ചിലപ്പോള്‍ ഗുജറാത്ത് ജയിച്ചേനെ. റാഷിദിന്റെ കളി എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. 
 
വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് പ്ലസ് ആക്കാനുള്ള മുംബൈയുടെ അവസരമാണ് റാഷിദ് തല്ലിക്കെടുത്തിയത്. ഗുജറാത്തിനെതിരെ ജയിച്ചെങ്കിലും പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള മുംബൈയുടെ നെറ്റ് റണ്‍റേറ്റ് -0.117 ആണ്. ഗുജറാത്തിനെതിരെ 100 റണ്‍സിന് ജയിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ വലിയ മാറ്റം വരികയും അത് മുംബൈയ്ക്ക് വലിയ ആശ്വാസമാകുകയും ചെയ്യുമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article