MS Dhoni: 'അങ്ങോട്ട് ആവശ്യപ്പെടില്ല, വേണേല്‍ സ്വയം തീരുമാനിക്കട്ടെ'; ധോണിയെ 'കൈവിടാന്‍' ചെന്നൈ

രേണുക വേണു

ഞായര്‍, 6 ഏപ്രില്‍ 2025 (10:50 IST)
MS Dhoni

MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മഹേന്ദ്രസിങ് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കും. ഈ സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് ടീമില്‍ നിന്ന് മാറിനില്‍ക്കാന്‍ ധോണി ആലോചിക്കുന്നത്. ഈ സീസണിലെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിലും തോറ്റ ചെന്നൈ പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ്. 
 
ഈ സീസണില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് ധോണി ഇതുവരെ നേടിയിരിക്കുന്നത് വെറും 76 റണ്‍സ് മാത്രമാണ്. 138.18 ആണ് സ്‌ട്രൈക് റേറ്റ്. നിര്‍ണായക സമയത്ത് ബാറ്റ് ചെയ്യാന്‍ എത്തിയിട്ടും ബൗണ്ടറികള്‍ നേടാന്‍ താരത്തിനു സാധിക്കുന്നില്ല. ഈ സീസണില്‍ ഇതുവരെ 55 പന്തുകള്‍ നേരിട്ട ധോണിക്ക് നാല് സിക്‌സുകളാണ് ആകെ അടിക്കാന്‍ സാധിച്ചത്. ചെന്നൈയുടെ തോല്‍വികളില്‍ ധോണിയുടെ മെല്ലെപ്പോക്ക് ഇന്നിങ്‌സുകളും ഒരു കാരണമാണ്. ദീര്‍ഘനേരം ബാറ്റ് ചെയ്യാനും താരത്തിനു ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്നാണ് ചെന്നൈ മാനേജ്‌മെന്റ് തന്നെ സമ്മതിക്കുന്നത്. 
 
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ തോറ്റതിനു പിന്നാലെ ചെന്നൈ മാനേജ്‌മെന്റും ധോണിയുടെ ഭാവിയെ കുറിച്ചുള്ള ആലോചനയിലാണ്. പ്ലേയിങ് ഇലവനില്‍ നിന്ന് മാറിനില്‍ക്കാന്‍ മാനേജ്‌മെന്റ് ധോണിയോടു ആവശ്യപ്പെട്ടില്ല. മറിച്ച് ഇക്കാര്യത്തില്‍ ധോണി ഉചിതമായ തീരുമാനമെടുത്ത് സ്വയം മാറിനില്‍ക്കട്ടെ എന്നാണ് മാനേജ്‌മെന്റില്‍ പലരുടെയും അഭിപ്രായം. ധോണി ടീമിനു ബാധ്യതയാകുന്നെന്ന വിമര്‍ശനം ആരാധകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് അടുത്ത മത്സരങ്ങളില്‍ നിന്ന് ധോണി സ്വയം മാറിനില്‍ക്കാനാണ് സാധ്യത. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍