ഐപിഎല്ലിലെ അതിനിർണ്ണായകമായ മത്സരത്തിൽ കൊൽക്കത്തയെ നിഷ്പ്രഭരാക്കി രാജസ്ഥാൻ്റെ തേരോട്ടം. കൊൽക്കത്ത മുന്നോട്ട് വെച്ച 150 റൺസ് വിജയലക്ഷ്യം 13.1 ഓവറിലാണ് രാജസ്ഥാൻ മറികടന്നത്. ഓപ്പണർ ജോസ് ബട്ട്‌ലറിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും യാതൊരു പതർച്ചയുമില്ലാതെ ബാറ്റ് വീശിയ യുവതാരം യശ്വസി ജയ്സ്വാൾ നായകൻ സഞ്ജു സാംസൺ എന്നിവരാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. യശ്വസി ജയ്സ്വാൾ 47 പന്തിൽ നിന്നും 98* റൺസും സഞ്ജു സാംസൺ 29 പന്തിൽ നിന്നും 48* റൺസും നേടി.
മത്സരത്തിൽ നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിൽ 26 റൺസ് അടിച്ചെടുത്തുകൊണ്ടാണ് ജയ്സ്വാൾ രാജസ്ഥാൻ ഇന്നിങ്ങ്സ് ആരംഭിച്ചത്. 13 പന്തിൽ നിന്നും 50 തികച്ചെങ്കിലും മത്സരം അവസാനിക്കുമ്പോൾ 47 പന്തിൽ 98 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. അതായത് ആദ്യത്തെ 13 പന്തിൽ നിന്നും 50 റൺസ് നേടിയ താരം പിന്നീടുള്ള 34 പന്തിൽ നേടിയത് 48 റൺസ് മാത്രമായിരുന്നു. ഈ സമയത്ത് ബാറ്റിംഗ് നിയന്ത്രണം ഏറ്റെടുത്ത നായകൻ സഞ്ജു സാംസണാണ് ടീം റൺറേറ്റ് ഉയർത്താൻ സഹായിച്ചത്.
മത്സരത്തിൽ ഒരു നായകൻ്റെ പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. ജയ്സ്വാൾ തകർത്തടിക്കുമ്പോൾ റൺ എ ബോൾ എന്ന രീതിയിൽ താരത്തിന് സ്ട്രൈക്ക് നൽകാൻ മാത്രമായിരുന്നു സഞ്ജുവിൻ്റെ ശ്രമം. എന്നാൽ 50 തികച്ച ശേഷം ജയ്സ്വാൾ ഡൗൺ ആയതോടെ സഞ്ജു മത്സരത്തിൻ്റെ കടിഞ്ഞാണ് ഏറ്റെടുത്തു. മത്സരത്തിൽ ഒരു ഘട്ടത്തിൽ 20 പന്തിൽ 20 റൺസ് മാത്രമായിരുന്ന സഞ്ജു മത്സരം അവസാനിക്കുമ്പോൾ 29 പന്തിൽ നിന്നും 48 റൺസാണ് നേടിയത്. അതായത് ജയ്സ്വാൾ പതറിയ മധ്യഓവറുകളിൽ 9 പന്തിൽ നിന്നും 28 റൺസാണ് സഞ്ജു നേടിയത്. രാജസ്ഥാനെ റൺറേറ്റിൽ മുന്നിലെത്തിക്കുന്നതിൽ ഏറെ നിർണായകമായിരുന്നു ഈ പ്രകടനം.