കൊൽക്കത്തയിലേക്കില്ല, ദ്രാവിഡ് വീണ്ടും പഴയ തട്ടകത്തിലേക്ക്, ഇനി സഞ്ജുവിനൊപ്പം

അഭിറാം മനോഹർ
ചൊവ്വ, 23 ജൂലൈ 2024 (12:47 IST)
ഇന്ത്യന്‍ ടീം മുന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സില്‍ പരിശീലകനായി തിരികെ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗൗതം ഗംഭീറിന്റെ പകരക്കാരനായി ദ്രാവിഡിനെ മെന്റര്‍ റോളിലേക്ക് പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിലേക്ക് മടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഈ കാര്യവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് അധികൃതര്‍ ദ്രാവിഡുമായി ചര്‍ച്ച നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
രാജസ്ഥാന്‍ റോയല്‍സും ദ്രാവിഡും ഇത് സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍പ് രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. 2014,2015 സീസണുകളില്‍ ടീം മെന്ററായും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.  കുമാര്‍ സംഗക്കാരയാണ് നിലയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ടീം ഡയറക്ടര്‍ ചുമതലയും ഒപ്പം പരിശീലക ചുമതലയും വഹിക്കുന്നത്. ദ്രാവിഡ് പരിശീലകനാകുന്നതോടെ സംഗക്കാര ടീം ഡയറക്ടര്‍ ചുമതലയിലേക്ക് മാറും. കഴിഞ്ഞ 3 സീസണുകളില്‍ സഞ്ജു സാംസണിന് കീഴില്‍ കളിച്ച രാജസ്ഥാന്‍ ഒരു തവണ ഫൈനലിലും ഒരു തവണ പ്ലേ ഓഫിലും എത്തിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article