ചെക്കന്‍‌മാരെ കളിപഠിപ്പിക്കാന്‍ വന്മതില്‍; ദ്രാവിഡ് അണ്ടര്‍ 19 ടീമിന്റെ പരിശീലകനാകും

Webdunia
ബുധന്‍, 3 ജൂണ്‍ 2015 (15:32 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നിയമിച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ദ്രാവിഡിന്റെ സേവനം ബിസിസിഐയ്‌ക്ക് ആവശ്യമാണെന്നും താരത്തിന്റെ റോളിനെക്കുറിച്ച്‌ സമയമാകുമ്പോള്‍ അറിയിക്കുമെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ്‌ താക്കൂര്‍ വ്യക്തമാക്കുകയും ചെയ്തു. അതേസമയം, വാര്‍ത്തകളെ കുറിച്ച്‌ ദ്രാവിഡ്‌ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 
 
നേരത്തെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സൌരവ് ഗാംഗുലി വിവിഎസ് ലക്ഷമണന്‍ എന്നിവരെ ടീം ഉപദേശക സമിതിയിലേക്ക്‌ എത്തിച്ചെങ്കിലും രാഹുല്‍ ദ്രാവിഡിന്റെ പേര് മാത്രം ഉയര്‍ന്നുവന്നില്ല. എന്നാല്‍ ദ്രാവിഡിനെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ പരിശീലകനാക്കി നിയമിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഐപിഎല്ലില്‍ രാജസ്‌ഥാന്‍ റോയല്‍സില്‍ സഞ്‌ജു വി സാംസണെയും കരുണ്‍ നായരേയും പോലുള്ള യുവതാരങ്ങളെ മുന്‍ നിരയിലെത്തിക്കാന്‍ ദ്രാവിഡ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന് പുതിയ ഉത്തരവാദിത്വം ഏല്‍പ്പിച്ചു നല്‍കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്.