ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ അഭാവത്തില്‍ ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടീമിന്റെ ഉത്തരവാദിത്തം ചുമലിലേറ്റേണ്ട താരങ്ങളായിരുന്നു ടീമിലെ സീനിയർ താരങ്ങളായ നായകന്‍ അജിങ്ക്യ രഹാനെയും വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാരയും. മോശം ഫോമിനെ തുടർന്ന് ഇരുവർക്കുമെതിരെ വിമർശനങ്ങൾ ശക്തമാകുമ്പോൾ വീണ്ടും മികച്ച തുടക്കം മുതലാക്കാനാവാതെ പുറത്തായിരിക്കുകയാണ് രണ്ട് പേരും.
രഹാനെ 35 റണ്‍സിനും പുജാര 26 റണ്‍സിനും പുറത്താവുകയായിരുന്നു. മധ്യനിരയിൽ സീനിയർ താരങ്ങൾ പരാജയപ്പെടുമ്പോൾ ടീമിന് പുറത്ത് ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്,ഹനുമാ വിഹാരി എന്നീ യുവതാരങ്ങൾ അവസരത്തിനായി കാത്ത് നിൽക്കുന്നു എന്നത് കൂടെ കൂട്ടിവായിക്കുമ്പോൾ രണ്ട് സീനിയർ താരങ്ങൾക്കും ഏറെ നിർണായകമാണ് ന്യൂസിലൻഡിനെതിരായ പരമ്പര.
ഹോം സീരീസിൽ മോശം പ്രകടനം തുടർന്നാൽ കടുപ്പമേറിയ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രഹാനെയുടെയും പുജാരയുടെ സ്ഥാനം തുലാസിലാണെന്ന് പറയേണ്ടതായി വരും. ടീമിന്റെ ഭാവിക്ക് യുവതാരങ്ങളെ വളർത്തിയെടുക്കേണ്ടതുണ്ടെന്ന് പരിഗണിക്കുമ്പോൾ മോശം ഫോമിനൊപ്പം പ്രായവും ഇരുവർക്കും വെല്ലുവിളിയാകും.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റിലാണ് രഹാനെ അവസാനമായി സെഞ്ച്വറി നേടിയിട്ടുള്ളത്. പിന്നീട് ഇതുവരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രഹാനെ നടത്തിയിട്ടുള്ളത്. പുജാരയാകട്ടെ 2019 ജനുവരിക്കു ശേഷം ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നാലു ടെസ്റ്റുകളില്‍ നിന്നും 20.38 ശരാശരിയില്‍ 27.49 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റോടെ 163 റണ്‍സാണ് പുജാര സ്‌കോര്‍ ചെയ്തത്.