'അവരുടെ വലിയ സംഭാവനകൾ കാരണമാണ് എന്റെ ക്യാപ്റ്റൻസി മികച്ചതായി തോന്നിയത്'

Webdunia
ബുധന്‍, 20 ജനുവരി 2021 (11:22 IST)
ബ്രിസ്ബെയ്ൻ: ഗാബ്ബയിൽ ചരിത്രം തിരുത്തിക്കുറിച്ച് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിർത്തിയതിൽ നിർണായക പങ്കുവഹിച്ചത് ഇന്ത്യയുടെ യുവനിരയാണ്. അവർക്ക് ദിശാബോധം നൽകിയതാവട്ടെ നായകൻ അജിങ്ക്യ രഹാനെയും. ചരിത്ര നേട്ടത്തിൽ നിലയ്ക്കാത്ത അഭിനന്ദനങ്ങളാണ് രഹാനെയെ തേടിയെത്തുന്നത്. 36 റൺസിന് ഓൾഔട്ടായി നാണക്കേടിന്റെ പടുകുഴിയിൽ വീണിടത്തുനിന്നു സമീപകാലത്ത് നേരിട്ടിട്ടില്ലാത്ത തരത്തിൽ താരങ്ങളുടെ പരിക്കും, ഓസ്ട്രേലിയയിലെ തെറ്റായ പ്രവണതകളും തീർത്ത പ്രതിസന്ധികളും തരണം ചെയ്താണ് ഈ നേട്ടത്തിലേയ്ക്ക് രഹാനെ ടീമിനെ എത്തിച്ചത്. 
 
ഓരോരുത്തരും നൽകിയ വലിയ സംഭാവനകളാണ് തന്റെ ക്യാപ്റ്റൻസിയെ മികച്ചതാക്കിയത് എന്ന് പറയുകയാണ് താരം, 'ടീം ഇന്ത്യയെ നയിക്കാന്‍ സാധിയ്ക്കുക എന്നത് വലിയ അംഗീകാരമാണ്. എന്റെ നേട്ടമല്ല, ഇത് ടീമിന്റെ നേട്ടമാണ്. ഓരോരുത്തരും വലിയ സംഭാവനകൾ നൽകിയതുകൊണ്ടാണ് എന്റെ നായകത്വം മികച്ചതായി തോന്നിയത്. അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷമുള്ള കാര്യങ്ങള്‍ ഏറെ പ്രയാസമുള്ളതായിരുന്നു. എന്നാല്‍ ഇന്ത്യയുടെ പോരാട്ടവീര്യംകൊണ്ട് അതിനെ അതിജീവിക്കാൻ സാധിച്ചു. സപ്പോര്‍ട്ടിങ് സ്റ്റാഫ് ഉള്‍പ്പെടെ ടീമിന്റെ ഭാഗമായ എല്ലാവരും ഈ വിജയത്തിന്റെ അഭിനന്ദനം അര്‍ഹിക്കുന്നു. ശുബ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ ഠാക്കൂറും നടത്തിയ പ്രകടനം വിലമതിക്കാനാവാത്തതാണ്. ഈ വിജയം ഞങ്ങൾ നന്നായി ആസ്വദിച്ചു. എല്ലാ ഇന്ത്യക്കാരും ഈ ജയം ആസ്വദിച്ചുവെന്ന് അറിയാം' രഹാനെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article