രോഹിത്താണ് റബാഡയുടെ സ്ഥിരം വേട്ടമൃഗം: നാണക്കേടിന്റെ റെക്കോര്‍ഡുമായി ഇന്ത്യന്‍ നായകന്‍

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2023 (14:32 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലെ ആദ്യ ദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയുടെ പന്തില്‍ പുറത്തായതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. രോഹിത്തിനെ ഏറ്റവും കൂടുതല്‍ പുറത്താക്കിയ താരമെന്ന നേട്ടമാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ സ്വന്തമാക്കിയത്.
 
റബാഡയുടെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ ലെഗില്‍ നന്ദ്രേ ബര്‍ഗറിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത് പതിമൂന്നാം തവണയാണ് രോഹിത്തിനെ റബാഡ പുറത്താക്കുന്നത്. 12 തവണ രോഹിത്തിനെ പുറത്താക്കിയിട്ടുള്ള ന്യൂസിലന്‍ഡ് താരം ടിം സൗത്തിയാണ് ലിസ്റ്റില്‍ രണ്ടാമതുള്ള താരം. ആഞ്ചലോ മാത്യൂസ് 10 തവണയും നഥാന്‍ ലിയോണ്‍ 9 തവണയും ട്രെന്റ് ബോള്‍ട്ട് 8 തവണയും രോഹിത്തിനെ പുറത്താക്കിയിട്ടുണ്ട്.
 
ടെസ്റ്റില്‍ റബാഡയ്‌ക്കെതിരെ 17.3 മാത്രമാണ് രോഹിത്തിന്റെ ശരാശരി. ഏകദിനത്തില്‍ ഇത് 26.2 റണ്‍സും ടി20യില്‍ ഇത് 26 റണ്‍സുമാണ്. ടെസ്റ്റില്‍ ആറ് തവണയാണ് റബാഡ രോഹിത്തിനെ മടക്കിയത്. ടെസ്റ്റില്‍ രോഹിത്തിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ താരമെന്ന റെക്കോര്‍ഡും റബാഡയുടെ പേരിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article