അടുത്ത സെവാഗ് ഇവിടെയുണ്ട്; പൃഥ്വി ഷായെ പുകഴ്ത്തി ആരാധകര്‍, യുവതാരം ഇന്ത്യന്‍ ടീമിലേക്ക് ?

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (09:36 IST)
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-വിരേന്ദര്‍ സെവാഗ് ജോഡി. അതുപോലൊരു മാസ്+ക്ലാസ് ഓപ്പണിങ് ജോഡി ഭാവിയില്‍ ഇന്ത്യയ്ക്ക് കിട്ടുമെന്ന സൂചനയാണ് ഇത്തവണത്തെ ഐപിഎല്‍ നല്‍കുന്നത്. ക്രീസിലെത്തുന്ന നിമിഷം മുതല്‍ എതിരാളികളെ ആക്രമിച്ചു കളിക്കുന്ന സെവാഗ് ശൈലിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം പൃഥ്വി ഷായുടേത്. 
 
ഈ സീസണില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 217 റണ്‍സാണ് പൃഥ്വി ഷാ നേടിയിരിക്കുന്നത്. 170.87 സ്‌ട്രൈക് റേറ്റോടെയാണ് പൃഥ്വി ഷാ 217 റണ്‍സ് നേടിയിരിക്കുന്നത്. 36.17 ആണ് ബാറ്റിങ് ശരാശരി. പവര്‍പ്ലേയില്‍ വളരെ എളുപ്പത്തില്‍ റണ്‍സ് കണ്ടെത്തുന്ന ശൈലിയാണ് പൃഥ്വി ഷായുടേത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടുകയെന്ന മനോഭാവത്തില്‍ കളിച്ചിരുന്ന വിരേന്ദര്‍ സെവാഗിനെയാണ് പൃഥ്വി ഷാ ഓര്‍മിപ്പിക്കുന്നത്. ആദ്യ ബോള്‍ മുതല്‍ തന്നെ എതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ പൃഥ്വി ഷായ്ക്ക് കഴിവുണ്ട്. 
 
വരുന്ന ട്വന്റി 20 ലോകകപ്പില്‍ പൃഥ്വി ഷായ്ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ രോഹിത് ശര്‍മയുടെ അവസരം നഷ്ടമായേക്കും. ഈ സീസണില്‍ മോശം ഫോമിലാണ് രോഹിത് ബാറ്റ് ചെയ്യുന്നത്. മറുവശത്ത് പൃഥ്വി ഷാ അടക്കമുള്ള യുവതാരങ്ങള്‍ മികച്ച ഫോമിലും. മികച്ച ഫൂട്ട് വര്‍ക്കാണ് പൃഥ്വി ഷായെ മറ്റ് യുവതാരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഗ്രൗണ്ടില്‍ എല്ലാ ദിശകളിലേക്കും കളിക്കാനുള്ള അപാരമായ മികവും പൃഥ്വി ഷായ്ക്കുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article