പരിചയസമ്പന്നമായ ബൗളിങ് നിര, ബാറ്റിങ്ങിലും കരുത്തർ: സീസണിലെ കറുത്ത കുതിരകളാവാൻ ഒരുങ്ങി രാജസ്ഥാൻ റോയൽസ്

ചൊവ്വ, 29 മാര്‍ച്ച് 2022 (14:17 IST)
ഐപിഎല്ലിന്റെ പുതിയ പതിപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിനൊരുങ്ങുമ്പോൾ ഇത്തവണ വിജയവുമായി തുടങ്ങാനാണ് രാജസ്ഥാൻ ലക്ഷ്യമിടുന്നത്. മെഗാ താരലേലത്തിന് ശേഷം സന്തുലിതമായ ടീമുമായാണ് രാജസ്ഥാൻ ഇക്കുറി ഒരുങ്ങുന്നത്. യുവത്വത്തിനൊപ്പം പരിചയസമ്പന്നരുടെയും മികച്ച നിരയാണ് ഇത്തവണ രാജസ്ഥാന്റെ പ്രതീക്ഷകളെ ഇരട്ടിയാക്കുന്നത്.
 
പതിവ് പോലെ നായകൻ സഞ്ജു സാംസൺ തന്നെയാണ് രാജസ്ഥാൻ നിരയിലെ കരുറ്റ്തൻ.ഐപിഎല്ലില്‍ 121 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിയും 15 ഫിഫ്റ്റിയും സഹിതം 3068 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിലെ ഫോം സഞ്ജു ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
 
സഞ്ജുവിനൊപ്പം മലയാളി താരമായ ദേവ്‌ദത്ത് പടിക്കൽ കൂടി ബാറ്റിങ്ങിനെത്തും എന്നത് ഇത്തവണ മലയാളികൾ ആകാംക്ഷയോടെയാണ് കാണുന്നത്. 29 മത്സരങ്ങളില്‍ 31.57 ശരാശരിയില്‍ ഒരു ശതകമടക്കം 884 റണ്‍സാണ് ഐപിഎല്ലിൽ താരം നേടിയിട്ടുള്ളത്. സഞ്ജുവിനും ദേവ്‌ദത്തിനുമൊപ്പം ഇന്ന് ലിമിറ്റഡ് ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ജോസ് ബട്ട്‌ലറും രാജസ്ഥാൻ നിരയിലുണ്ട്.
 
ഐപിഎല്ലിലാകെ 65 മത്സരങ്ങളില്‍ 35.14 ശരാശരിയിൽ 1968 റൺസാണ് താരത്തിനുള്ളത്. 150ന് മുകളിൽ സ്ട്രൈക്ക്‌റേറ്റിലാണ് താരം റൺസ് അടിച്ചുകൂട്ടിയത്. ബൗളിങിൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചഹലും അണിനിരക്കുന്നു എന്നത് രാജസ്ഥാനെ കൂടുതൽ സന്തുലിതമാക്കുന്നു.
 
ഫാസ്റ്റ് ബൗളിങിൽ ട്രെന്റ് ബോൾട്ടിന്റെ വരവോടെ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് റോയൽസ്. ബോൾട്ടിനൊപ്പം യുവതാരം പ്രസിദ്ധ് കൃഷ്‌ണയും തിളങ്ങിയാൽ ഇ‌ത്തവണ രാജസ്ഥാനെ പിടിച്ചുകെട്ടുക മറ്റ് ടീമുകൾക്ക് ബുദ്ധിമുട്ടേറിയ കാര്യമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍