ഐപിഎൽ പതിനഞ്ചാം സീസണിൽ നാളെയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. കെയ്ന്‍ വില്യംസണിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് രാജസ്ഥാന്‍ റോയല്‍സ് നേരിടുക. മത്സരത്തിന് മുമ്പ് ടീമിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് മലയാളി താരമായ സഞ്ജു സാംസൺ.
പൂനെയിലേത് പുതിയ പിച്ചായിരിക്കും. അതിനാൽ തന്നെ വലിയ സ്കോറാണ് പ്രതീക്ഷിക്കുന്നത്. ടീം ക്യാംപിലെ എല്ലാവരും വലിയ ആവേശത്തിലാണ്. ഒരുപാട് പുതിയ താരങ്ങൾ,കോച്ചിങ് സ്റ്റാഫുകൾ ആണ് ഇത്തവണ ടീമിനൊപ്പമുള്ളത്. ഈ സീസണിൽ രാജസ്ഥാൻ റോയൽസിന് മികച്ച ടീം ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സഞ്ജു സാംസൺ പറഞ്ഞു.
ഞങ്ങളെല്ലാവരും മലിംഗയുടെയും സംഗക്കാരയുടെയും കളികൾ കണ്ട് വളർന്നവരാണ്. അവർ രണ്ട് പേരും ടീമിനൊപ്പമുണ്ട്. ഇരുവരുടെയും സാന്നിധ്യം ടീമിലെ യുവതാരങ്ങള്‍ക്ക് പ്രചോദനമാണ്.ഇത്തരം പരിചയസമ്പന്നരുണ്ടാകുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് കാര്യങ്ങള്‍ എളുപ്പമാവും. എതിർ ടീമിന്റെ ദൗർബല്യങ്ങൾ കൃത്യമായി പറഞ്ഞു തരാൻ അവർക്ക് സാധിക്കും. സഞ്ജു പറഞ്ഞു.