ഐപിഎല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ: ഡൽഹി മുംബൈയേയും പഞ്ചാബ് ബാംഗ്ലൂരിനെയും നേരിടും

ഞായര്‍, 27 മാര്‍ച്ച് 2022 (14:22 IST)
ഐപിഎല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽ‌സും ഏറ്റുമുട്ടും.മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പഞ്ചാബ് കിംഗ്സിനെ നേരിടും.
 
ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാർണർ, ഓള്‍റൗണ്ടര്‍ മിച്ചൽ മാർഷ്, ദക്ഷിണാഫ്രിക്കന്‍ പേസ് എക്‌സ്‌പ്രസ് ആൻറിച് നോർകിയ എന്നിവരുടെ അഭാവം ഡൽഹിക്ക് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. അതേസമയം പരിക്കിന്റെ പിടിയിലായ സൂര്യകുമാർ യാദവ് ഇന്ന് മുംബൈ നിര‌യിൽ ഇറങ്ങില്ല.
 
ആദ്യ കിരീടം ലക്ഷ്യമിട്ടാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ഇറങ്ങുന്നത്. വിരാട് കോലിക്ക് പകരം നായകനായെത്തിയ ഫാഫ് ഡുപ്ലെസിക്ക് കീഴിലാണ് ബാംഗ്ലൂർ മത്സരത്തിനിറങ്ങുന്നത്.മായങ്ക് അഗർവാളിന്‍റെ നേതൃത്വത്തിലാണ് പഞ്ചാബിറങ്ങുന്നത്. ബാംഗ്ലൂരിന്‍റെ ഗ്ലെൻ മാക്സ്‍വെല്ലും ജോഷ് ഹേസൽവുഡും പഞ്ചാബിന്‍റെ ജോണി ബെയര്‍സ്റ്റോയും കാഗിസോ റബാഡയും ഇന്ന് ടീമിനൊപ്പമുണ്ടാവില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍