മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി പ്രായം തളർത്തുന്ന ധോനിയെ ആയിരുന്നു കഴിഞ്ഞ സീസണുകളിൽ കാണാനായത്. സ്പിന്നർമാരെ റീഡ് ചെയ്യാനുള്ള ശേഷി കൈമോശം വന്ന താരത്തിന് പേസർമാരും വെല്ലുവിളി ഉയർത്തുന്ന കാഴ്‌ച്ചയായിരുന്നു ഏറെ നാളായി മൈതാനത്ത് കാണേണ്ടി വന്നത്. എന്നാൽ നായകത്വത്തിന്റെ ഭാരമഴിച്ചുവെച്ചുകൊണ്ടുള്ള പുതിയ സീസണിൽ താൻ ആരായിരുന്നുവെന്ന് ഒരിക്കൽ കൂടി തന്റെ ആരാധകരെയും എതിരാളികളെയും ഓർമിപ്പിക്കുകയാണ് ചെന്നൈയുടെ തല.
38 പന്തിൽ നിന്നും അർധസെഞ്ചുറി. ഇതിൽ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടും. ധോണിയുടെ ട്രേഡ്മാര്‍ക്കായ ഹെലികോപ്റ്റര്‍ ഷോട്ടും ഇന്നിംഗ്‌സിലുണ്ടായിരുന്നു. ആദ്യ 25 പന്തില്‍ 15 റണ്‍സ് മാത്രമായിരുന്നു ധോണി നേടിയിരുന്നത്.എന്നാൽ തന്റെ പ്രതാപകാലത്തെ ഓർമിപ്പിച്ചുകൊണ്ട് ശിവം മാവിയുടെയും ആന്ദ്രേ റസലിന്റെയും ഓവറുകളിൽ ധോനി തകർത്തടിച്ചു.
ഓരോ ഷോട്ടിനെയും ആരവങ്ങളോടെയായിരുന്നു സ്റ്റേഡിയം സ്വീകരിച്ചത്. അവസാന ഓവറുകളിലെ പ്രകടനത്തോടെ 132 റൺസ് വിജയലക്ഷ്യമാണ് ചെന്നൈ കൊൽക്കത്തയ്ക്ക് മുന്നിൽ വെച്ചത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത അനായാസം ലക്ഷ്യം കണ്ടെങ്കിലും ചെന്നൈ തോൽവിയിൽ ആരാധകർ നിരാശരല്ലെന്ന് വ്യക്തം. ഏറെ നാളായി തങ്ങൾ കാണാൻ കൊതിച്ച ധോനിയെ മൈതാനത്ത് കാണാനായതിന്റെ ആവേശത്തിലാണ് ചെന്നൈ ആരാധകർ.