ഇന്ത്യക്കെതിരായ ടെസ്റ്റ് സീരീസ് തിരിച്ചുപിടിക്കണം, ബോർഡർ ഗവാസ്കർ ട്രോഫിക്കായി 8 ആഴ്ചത്തെ ഇടവേള എടുത്ത് പാറ്റ് കമ്മിൻസ്

അഭിറാം മനോഹർ

തിങ്കള്‍, 19 ഓഗസ്റ്റ് 2024 (11:34 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ക്രിക്കറ്റില്‍ നിന്നും എട്ട് ആഴ്ചത്തെ ഇടവേള പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. എന്ത് വില കൊടുത്തും ഇന്ത്യയില്‍ നിന്നും പരമ്പര തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മിന്‍സിന്റെ നീക്കം. ഇതോടെ സ്‌കോട്ട്ലന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും വരാനിരിക്കുന്ന ഏകദിന പരമ്പരകളില്‍ താരം കളിക്കില്ല.
 
 കമ്മിന്‍സ് തന്നെയാണ് ഇടവേളയെടുക്കുന്ന കാര്യം വ്യക്തമാക്കിയത്. ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ നമ്മള്‍ അല്പം കൂടി ഉന്മേഷഭരിതരാകും. അതില്‍ ഖേദം തോന്നേണ്ട കാര്യമില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ 18 മാസങ്ങളോളമായി ഞാന്‍ നിരന്തരം പന്തെറിയുകയാണ്. ഏഴോ എട്ടോ ആഴ്ച ബൗളിംഗില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇത് പ്രേരിപ്പിക്കുന്നു. വിശ്രമം ശരീരത്തെ വീണ്ടെടുക്കാന്‍ സഹായിക്കും അടുത്ത സീസണിനായി തയ്യാറാകാനും അവസരം ലഭിക്കും. ഫോക്‌സ് സ്‌പോര്‍ട്‌സുമായി സംസാരിക്കവേ കമ്മിന്‍സ് പറഞ്ഞു.
 
 കഴിഞ്ഞ 10 വര്‍ഷക്കാലമായി ഇന്ത്യ നിലനിര്‍ത്തികൊണ്ടിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി തിരിച്ചുപിടിക്കാന്‍ താന്‍ ഏറെ കൊതിക്കുന്നതായാണ് കമ്മിന്‍സ് വ്യക്തമാക്കിയത്. ആ ട്രോഫി ഞാന്‍ ഇതിന് മുന്‍പ് സ്വന്തമാക്കിയിട്ടില്ല. ഞങ്ങളുടെ കൂട്ടത്തില്‍ പലര്‍ക്കും അത് നേടാനായിട്ടില്ല. കഴിഞ്ഞ കുറച്ച് കാലമായി ഒരു ടെസ്റ്റ് ഗ്രൂപ്പെന്ന നിലയില്‍ പലതും നേടാനായിട്ടുണ്ട്. സ്വന്തം നാട്ടില്‍ ഓരോ പരമ്പരയും വിജയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ത്യ നല്ല ടീമാണെന്ന് ഞങ്ങള്‍ക്ക് നന്നായി എറിയാം. ഞങ്ങളും മോശക്കാരല്ലെന്നാണ് പറയാനുള്ളത്. കമ്മിന്‍സ് പറഞ്ഞു.
 
ഈ വര്‍ഷം നവംബര്‍ 22 മുതലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ 2 തവണയും ഓസീസിനെ അവരുടെ നാട്ടില്‍ വെച്ച് പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍